ചാഴൂർ ചിറക്കൽ തോടിലെ കുളവാഴയും ചണ്ടിയും നീക്കം ചെയ്യാൻ അടിയന്തര നിർദേശം; ബാർജ് ഉപയോഗിച്ച് ശുചീകരണം ആരംഭിച്ചു
ചാഴൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട ഇഞ്ചമുടി മാട്ടുമ്മൽ പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ ഗീത ഗോപി എം.എൽ.എയും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ചിറക്കൽ തോടിൽ അടിഞ്ഞുകൂടിയ ചണ്ടിയും കുളവാഴയും അടിയന്തരമായി നീക്കം ചെയ്യാൻ മേജർ ഇറിഗേഷൻ വകുപ്പിന് കളക്ടർ നിർദേശം നൽകി. ഇതിനെത്തുടർന്ന് ബാർജും ജെ.സി.ബിയും ഉപയോഗിച്ച് തോട് വൃത്തിയാക്കുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
തോടിലെ തടസ്സങ്ങൾ നീക്കുന്നതിനായി ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിരുന്നു.
ഭാവിയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള ദീർഘകാല പരിഹാരമെന്ന നിലയിൽ, ചിറക്കൽ തോടിൽ പുതിയ ഷട്ടർ നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാൻ മേജർ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് കളക്ടർ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ. പി. സന്ദീപ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലക്ഷ്മി വസന്തൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിൻസി നാസർ, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷില്ലി ജിജുമോൻ, വൈസ് പ്രസിഡന്റ് ടി.എസ്. ഷാജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
- Log in to post comments