Skip to main content

വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പൊരുങ്ങല്‍ക്കുത്ത് ഡാം സന്ദര്‍ശിച്ചു

പൊരുങ്ങല്‍ക്കുത്ത് ഡാം, പവര്‍ഹൗസ്, ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് എന്നിവിടങ്ങളില്‍ വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് സന്ദര്‍ശനം നടത്തി. പൊരുങ്ങല്‍ക്കുത്ത് ഡാം പരിസരത്തുള്ള ഉപയോഗിക്കാത്ത ക്വാര്‍ട്ടേഴ്‌സുകള്‍ ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുമോ എന്നും പൊരുങ്ങല്‍ക്കുത്ത് ഡാമിന്റെ സംഭരണശേഷി സംബന്ധിച്ചും മന്ത്രി പരിശോധന നടത്തി. പൊരുങ്ങല്‍ക്കുത്ത് ഡാമിലെ പവര്‍ഹൗസില്‍ നിലവില്‍ 24 മെഗാവാട്ട് ശേഷിയുള്ള ഒരു പവര്‍ പ്ലാന്റാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 48 മെഗാവാട്ട് ശേഷിയുള്ള പവര്‍പ്ലാന്റായി ഉയര്‍ത്തുന്നതിന്റെ സാധ്യതയും മന്ത്രി പരിശോധിച്ചു.

കേരളത്തിന് കൂടുതല്‍ വൈദ്യുതി ഉദ്പ്പാദിപ്പിക്കേണ്ടത് ആവശ്യമാണെന്നും നിലവില്‍ അതിരപ്പിള്ളി ഉള്‍പ്പെടെയുള്ള പുഴകളിലെ വെള്ളം വൈദ്യുതി ഉത്പ്പാദനത്തിനായി പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ കഴിയുന്നില്ല, ഇത് മറികടക്കാനായി പുതിയ സംരംഭങ്ങളും സംവിധാനങ്ങളും സാങ്കേതികതയും ഉപയോഗപ്പെടുത്തുമെന്നും ഡാം സന്ദര്‍ശനത്തിനുശേഷം മന്ത്രി പറഞ്ഞു.  
 

എം.എല്‍.എ സനീഷ്‌കുമാര്‍ ജോസഫ്, കെ.എസ്.ഇ.ബി ജനറേഷന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ ജി. അനില്‍കുമാര്‍, കെ.എസ്.ഇ.ബി ഡാം സൈറ്റ് ചീഫ് എഞ്ചിനീയര്‍ ബിജു, പവര്‍ഹൗസ് നോഡല്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്രീലേഖ, കെ.എസ്.ഇ.ബി സിവില്‍, ഇലക്ട്രിക്കല്‍ ഉന്നത ഉദ്യോഗസ്ഥര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഡാം സന്ദര്‍ശനത്തിനുണ്ടായിരുന്നു.

 

date