ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി വഴി ധനസഹായം നൽകുന്നു; ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ/ വിവാഹബന്ധം വേർപെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് അപേക്ഷിക്കാം
മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള 'ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ' ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ/ വാതിലുകൾ മേൽക്കൂര ഫ്ലോറിംങ്/ ഫിനിഷിംങ്/ പ്ലംബിംങ്/ സാനിറ്റേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.
ഒരു വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. ടി തുക തിരിച്ചടയ്‌ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയ്ക്കോ, അവരുടെ മക്കൾക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രം ഉള്ള/ മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുൻപ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവരിൽ വീണ്ടുമപേക്ഷിക്കേണ്ടതില്ല.
വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനും, മറ്റു വകുപ്പുകളിൽ നിന്നോ/സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ/ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിൽ നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതത് ജില്ലാ കളക്ടറേറ്റിലേക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാഫോം www.minoritywelfare.kerala.gov.in ൽ ലഭിക്കും.
അപേക്ഷകൾ അതത് ജില്ലാ കളക്ടറേറ്റിൽ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 10.
പി.എൻ.എക്‌സ്. 3115/2026
- Log in to post comments