Skip to main content

പ്രൈമറി സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയർ പദ്ധതി: അപേക്ഷകൾ ഓഗസ്റ്റ് 13-നകം സമർപ്പിക്കണം

പൊതുവിദ്യാഭ്യാസ മേഖലയിലെ എൽ.പി, യു.പി വിഭാഗങ്ങളിൽ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നടപ്പിലാക്കുന്ന 'ഡിജിറ്റൽ സ്ക്വയർ' പദ്ധതിയിലേക്ക് സ്കൂളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി കൈറ്റ് വികസിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത പ്ലാറ്റ്ഫോം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എയ്ഡഡ്, സർക്കാർ ഹൈസ്കൂളുകളോട് ചേർന്നുള്ള എൽ.പി, യു.പി വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

കളികളിലൂടെയുള്ള പഠനം, സർഗ്ഗാത്മകത, സ്വയംപഠനം, ഡിജിറ്റൽ സാക്ഷരത എന്നിവ വളർത്തുന്നതിനോടൊപ്പം 'കളിപ്പെട്ടി', 'ഇ@വിദ്യ' എന്നീ ഐ.സി.ടി പാഠപുസ്തകങ്ങൾ മറ്റ് വിഷയങ്ങളുടെ പഠനത്തിനായി ഫലപ്രദമായി ഉപയോഗിക്കാൻ പദ്ധതി സഹായകമാകും. ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് പ്ലാറ്റ്ഫോം ക്രമീകരിച്ചിരിക്കുന്നത്.

സ്കൂളിൽ ഡിജിറ്റൽ പഠന ഇടം സജ്ജമാക്കാനും, ഹെഡ്ഫോൺ, സ്പീക്കർ, മൗസ് എന്നിവ സഹിതം കുറഞ്ഞത് രണ്ട് കമ്പ്യൂട്ടറുകൾ ലഭ്യമാക്കാനും സന്നദ്ധതയുള്ള സ്കൂളുകൾക്കാണ് അവസരം ലഭിക്കുക. സ്കൂൾ പ്രവർത്തി സമയം മുഴുവനും 'ഡിജിറ്റൽ സ്ക്വയർ' കുട്ടികൾക്കായി പ്രവർത്തിക്കും. താത്പര്യമുള്ള സ്കൂളുകൾ ഓഗസ്റ്റ് 13-നകം കൈറ്റ് ജില്ലാ ഓഫീസിൽ ഇ-മെയിൽ മുഖേന അപേക്ഷ സമർപ്പിക്കണമെന്ന് സി.ഇ.ഒ അറിയിച്ചു. സർക്കുലറും പദ്ധതി മാർഗ്ഗരേഖയും www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

date