Skip to main content

ജില്ലാതല ഓണാഘോഷം ഓഗസ്റ്റ് 21 മുതൽ സെപ്തംബർ 5 വരെ ഉദ്ഘാടനം 21 ന് ചെറുതോണിയിൽ

ജില്ലാ ഭരണകൂടത്തിൻ്റെയും
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് ഓഗസ്റ്റ് 21ന് ചെറുതോണിയിൽ തുടക്കമാകും.

ഓണാഘോഷം ജില്ലാതല സമാപനം സെപ്തംബർ 5 ന് തൊടുപുഴയിൽ നടക്കും. 21 ന് ഉച്ചയ്ക്ക് 2 ന് വിവിധ കലാരൂപങ്ങളും ബാൻഡ് സംഘവും അണിനിരക്കുന്ന ഓണം ഘോഷയാത്രയോടെ
പരിപാടികൾക്ക് തുടക്കമാകും. പ്രാദേശിക കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകിയാകും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. ഓരോ നിയോജക മണ്ഡലങ്ങളിലും ഓണാഘോഷം സംഘടിപ്പിക്കും. ജില്ലയിൽ മൂന്നാർ, ചെറുതോണി, കുമളി, രാജക്കാട്, തൊടുപുഴ എന്നിവിടങ്ങളിലാണ് പരിപാടികൾ സംഘടിപ്പിക്കുക.

ഓണാഘോഷത്തോടനുബന്ധിച്ച് 21 മുതൽ 31 വരെ ഇടുക്കി ഡാം സന്ദർശിക്കാൻ അവസരമൊരുക്കും.
ഡാമിൽ പ്രകാശഅലങ്കാരവും ഒരുക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷ്യമേളയും നടക്കും. പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. 15.50 ലക്ഷം രൂപയാണ് ഓണാഘോഷ പരിപാടികളുടെ സംഘാടനത്തിനായി ജില്ലയ്ക്ക് സർക്കാർ അനുവദിച്ചിരിക്കുന്നത്.

റോയ് കെ. പൗലോസ് എം എൽ എ യുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിൻ്റെ അധ്യക്ഷതയിൽ ജില്ലാതല ഓണാഘോഷ പരിപാടികളുടെ സംഘാടനം സംബന്ധിച്ച് ആലോചനാ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
പ്രൊഫ. ഷീല സ്റ്റീഫൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.പി. ഉസ്‌മാൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, ജനപ്രതിനിധികൾ, വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 

date