സഹകരണ സംഘങ്ങളിലെ കുടിശ്ശിക ലളിതമാക്കാൻ 'ആശ്വാസ് 2026' പദ്ധതി; സഹകാരികൾക്ക് പലിശ ഇളവ്*
*
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശികയുള്ള വായ്പകൾ ഇളവുകളോടെ അവസാനിപ്പിക്കുന്നതിനായി സർക്കാരിന്റെ 'ആശ്വാസ് 2026' ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31 വരെ നടപ്പിലാക്കുന്ന ഈ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ വായ്പക്കാർക്ക് പലിശയിളവുകൾ ലഭ്യമാകും.
പദ്ധതിയുടെ ഭാഗമായി അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള 50,000 രൂപ വരെയുള്ള വായ്പകൾക്ക് പൂർണ്ണമായും പലിശ ഒഴിവാക്കും. 50,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സംഘം, താലൂക്ക്, ജില്ലാ തല സമിതികൾ മുഖേന 25 ശതമാനം മുതൽ 50 ശതമാനം വരെ പലിശയിളവ് ലഭിക്കും. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് കുടിശ്ശിക കാലയളവ് അനുസരിച്ച് 20 ശതമാനം മുതൽ 40 ശതമാനം വരെയും ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
അതിദരിദ്രർ, രോഗബാധിതർ, മരണപ്പെട്ടവരുടെ ആശ്രിതർ, എ.ആർ.സി/ ഇ.പി നടപടി നേരിടുന്നവർ എന്നിവർക്ക് പരമാവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ്, കാലാവധി പൂർത്തിയായ പ്രതിമാസ നിക്ഷേപങ്ങൾ എന്നിവയിലെ കുടിശ്ശികകൾക്കും ഇളവുകൾ ബാധകമാണ്. കടക്കെണിയിലായ മുഴുവൻ സഹകാരികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തൃശ്ശൂർ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) പി. രാമചന്ദ്രൻ ആവശ്യപ്പെട്ടു.
- Log in to post comments