Skip to main content
..

കടയ്ക്കൽ താലൂക്ക് ആശുപത്രി വികസനത്തിനു സത്വര നടപടികൾ: ജില്ലാ കലക്ടർ

 

 കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് സ്ഥലം ഏറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടർ ആനി ജൂലാ തോമസ്. ജില്ലയിലെ വിവിധ വികസന വിഷയങ്ങൾ വിലയിരുത്താൻ ചേമ്പറിൽ ചേർന്ന പ്രത്യേക യോഗത്തിൽ അധ്യക്ഷത വഹിക്കവേ ആശുപത്രിയുടെ ഇ എൻ ടി, സൈക്യാട്രി വിഭാഗങ്ങളിലേക്ക് കൂടുതൽ ഡോക്ടർമാരുടെ സേവനമുറപ്പാക്കാൻ ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി. അടിയന്തര ചികിത്സയിൽ പ്രാഗൽഭ്യമുള്ള ഡോക്ടർമാരെ ജില്ലയിലെ വിവിധ താലൂക്ക് ആശുപത്രികളിൽ നിയമിക്കും. കൊട്ടാരക്കര ഭാഗത്തെ കെ പി കനാലിന്റെ അറ്റകുറ്റ പ്രവർത്തികൾ വേഗത്തിലാക്കും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കല്ലുംതാഴം റോഡ് നിർമ്മാണം ത്വരിതപെടുത്താൻ നടപടി സ്വീകരിക്കും. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികൾ നടത്തേണ്ട വിവിധ പ്രാദേശിക റോഡുകളുടെ നിർമ്മാണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം; പണം ദേശീയപാത അതോറിറ്റി നൽകും. കൊല്ലം തേനി ദേശീയപാതയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കും. കുലശേഖരപുരം ദേശീയപാതക്ക് അടുത്തായി മലിന ജലം ഒഴുക്കി വിടാൻ തോടുകളുടെ ആഴവും വീതിയും വർദ്ധിപ്പിക്കും. ദേശീയപാത നിർമ്മാണം പൂർത്തിയാകുമ്പോൾ കല്ലുംതാഴത്ത് പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനായി ഭൂമി അനുവദിക്കുന്നത് പരിഗണിക്കും. കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷനിൽ ദേശീയപാതയിൽ രൂപപ്പെട്ട കുഴികൾ മൂടുന്നത് വേഗത്തിലാക്കും; കൂടുതൽ ദിശാസൂചിക ബോർഡുകളും സ്ഥാപിക്കും. പഞ്ചായത്തുകൾ പൊതുശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണമെന്നും ജില്ലാ കലക്ടർ നിർദേശം നൽകി. ജില്ലാ പ്ലാനിങ് ഓഫീസർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

date