Skip to main content

സപ്ലൈകോ ഓണം ജില്ലാ ഫെയര്‍   ആഗസ്റ്റ് 25 വരെ ഫെയർ മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്തു

ആഗസ്റ്റ് 25 വരെ തൃശ്ശൂര്‍ പാലസ് ഗ്രൗണ്ടിൽ തുടരുന്ന സപ്ലൈകോ ഓണം ജില്ലാ ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം യുവജനക്ഷേമം, കായികം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് നിര്‍വ്വഹിച്ചു. ഓണക്കാലത്ത് അരിയുടെയും മറ്റ് സാധനങ്ങളുടെയും വിലകൂടാതിരിക്കാന്‍ 1.63 ലക്ഷം മെട്രിക് ടണ്‍ അരി ഈ ഓണക്കാലത്ത് വിപണിയിലേക്കെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഇടപെടലിന്റെ ഭാഗമായിക്കൂടിയാണ് എല്ലാ ജില്ലകളിലും സപ്ലൈകോ ഓണം ഫെയര്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, തുവര പരിപ്പ്, കടല, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ 13 ഇന സബ്‌സിഡി സാധനങ്ങളും മറ്റ് അവശ്യ ഉല്‍പ്പന്നങ്ങളും പ്രത്യേക വിലക്കിഴിവില്‍ സപ്ലൈകോ ഓണം ഫെയറില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്കാായി പ്രത്യേക സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്.. ജില്ലാ ഓണം ഫെയര്‍ കൂടാതെ എല്ലാ നിയോജക മണ്ഡലങ്ങളിലും ആഗസ്റ്റ് 20 മുതല്‍ 25 വരെ ഓണം ഫെയറുകള്‍ നടത്തുന്നുണ്ട്. ജില്ലാ ഫെയര്‍ രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും.  

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പാലസ് ഗ്രൗണ്ടിലെ ഓണം ഫെയര്‍ പരിസരത്ത് നടന്ന പരിപാടിയിൽ എം.എല്‍.എ രാജന്‍ ജെ. പല്ലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഓണം ഫെയറിലെ ആദ്യവില്‍പ്പനയും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയി ബാസ്റ്റിന്‍ ചാക്കോള സമൃദ്ധി കിറ്റിന്റെ ആദ്യവില്‍പ്പനയും നിര്‍വ്വഹിച്ചു. ചടങ്ങിന് സപ്ലൈകോ പാലക്കാട് മേഖലാ മാനേജര്‍ ജി. സുമ സ്വാഗതവും തൃശ്ശൂര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ജെ ആശ നന്ദിയും പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.എ മുഹമ്മദ് റഷീദ്, സി.വി കുര്യാക്കോസ്, പി.എം ഏല്യാസ്, സപ്ലൈകോ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date