ജില്ലാ ആസൂത്രണ സമിതി തിരഞ്ഞെടുപ്പ് വിജ്ഞാപനമായി
ആലപ്പുഴ – പ്രാദേശിക സർക്കാരുകളുടെ പദ്ധതി അംഗീകാരവും വിവിധ വികസന പരിപാടികളുടെ ഏകോപനവും നടത്തുന്ന ഭരണഘടനാ സമിതിയായ ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള (ഡിപിസി) തിരഞ്ഞെടുപ്പ് 17, 18 തീയതികളിൽ നടത്തുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ മെമ്പർ സെക്രട്ടറിയുമായ 15 അംഗ ആസൂത്രണ സമിതിയിലേയ്ക്ക് ജില്ലാ പഞ്ചായത്തിൽ നിന്ന് പത്തുപേരെയും നഗരസഭകളിൽ നിന്നും രണ്ടുപേരെയുമാണ് തിരഞ്ഞെടുക്കേണ്ടത്. ഒരംഗത്തെ സർക്കാർ നോമിനേറ്റ് ചെയ്യുന്നതാണ്. ജില്ലാ പഞ്ചായത്തിലെ 24 അംഗങ്ങളും ആറ് നഗരസഭകളിലെ 219 അംഗങ്ങളുമാണ് വോട്ടർമാർ. ജില്ലാപഞ്ചായത്തിൽ അഞ്ചും നഗരസഭയിൽ ഒന്നും സ്ത്രീ സംവരണ സ്ഥാനങ്ങളാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ നിന്നും പട്ടികജാതി/പട്ടികവർഗ്ഗ സ്ത്രീ വിഭാഗത്തിൽ ഒരു സീറ്റും പട്ടികജാതി/പട്ടികവർഗ്ഗ ജനറൽ വിഭാഗത്തിൽ ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ നിന്നുള്ള 10 അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 17 തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലും നഗരസഭകളിലെ അംഗങ്ങളിൽ നിന്നുള്ള രണ്ട് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും നടത്തുമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർ ഷാജി വി. നായർ അറിയിച്ചു. വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് സമയത്തിനു മുൻപായി നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കേണ്ടതാണ്. ജില്ലാ ആസൂത്രണ സമിതി തിരഞ്ഞെടുപ്പിന്റെ നോഡൽ ഓഫീസറായി ജില്ലാ പ്ലാനിംഗ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന നഗരസഭയിലെയും ജില്ലാ പഞ്ചായത്തിലെയും അംഗങ്ങൾ സെക്രട്ടറി നൽകിയ തിരിച്ചറിയൽ കാർഡ് ഹാജരാക്കണമെന്ന് വരണാധികാരി അറിയിച്ചു.
- Log in to post comments