*ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾക്ക് ഭവനപുനരുദ്ധാരണ ധനസഹായം: സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം*
ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട (മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന) വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് 'ഇംപിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതി (2026-27)' പ്രകാരം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ലോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 50,000 രൂപ വീതം തിരികെ അടക്കേണ്ടതില്ലാത്ത ധനസഹായമാണ് നൽകുന്നത്.
അപേക്ഷകയുടെയോ പങ്കാളിയുടെയോ പേരിലുള്ള വീടിന്റെ വിസ്തീർണ്ണം 1200 ചതുരശ്ര അടിയിൽ കവിയരുത്. ബി.പി.എൽ. കുടുംബങ്ങൾക്കും, അപേക്ഷകയോ മക്കളോ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർക്കും, പെൺകുട്ടികൾ മാത്രമുള്ള കുടുംബങ്ങൾക്കും മുൻഗണന ലഭിക്കും. അതേസമയം, സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനമുള്ള മക്കളുള്ള വിധവകൾക്കും, കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സർക്കാർ സഹായത്തോടെ ഭവന നിർമ്മാണം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാൻ അർഹതയില്ല.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം നിലവിലെ സാമ്പത്തിക വർഷത്തെ കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് പകർപ്പ്, വീടിന്റെ അവസ്ഥയും വിസ്തീർണ്ണവും വ്യക്തമാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം എന്നിവ ഉള്ളടക്കം ചെയ്യണം. അപേക്ഷ ഫോറം www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം തൃശ്ശൂർ ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ പത്ത് ആണ്.
- Log in to post comments