Skip to main content

വള്ളക്കടവിലെ ആദിദേവിന് അടിയന്തര ചികിത്സയും സംരക്ഷണവും ഉറപ്പാക്കി

ഇടുക്കി ജില്ലയിലെ പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയില്‍, കുമളി ഗ്രാമപഞ്ചായത്തിലെ വള്ളക്കടവ് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട 4മ്മ വയസ്സുകാരന്‍ ആദിദേവിന്റെ ആരോഗ്യപരിചരണവും സുരക്ഷിതമായ സംരക്ഷണവും ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (CWC) ഏറ്റെടുത്തു.

2026 ജൂലൈ 13-ന് വള്ളക്കടവില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിനിടെ കുട്ടിയില്‍ പോഷകാഹാരക്കുറവ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും, ജൂലൈ 17-ന് കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു മാസം നീണ്ടുനില്‍ക്കുന്ന തുടര്‍ചികിത്സയും ആരോഗ്യപരിചരണവും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുട്ടിക്ക് ആവശ്യമായ പരിചരണവും സംരക്ഷണവും വീട്ടില്‍ നിന്ന് പൂര്‍ണ്ണമായി ലഭ്യമാകാത്ത സാഹചര്യം കമ്മിറ്റിയുടെശ്രദ്ധയില്‍പ്പെട്ടു .കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, സുരക്ഷ, ദീര്‍ഘകാല വളര്‍ച്ച എന്നിവ മുന്‍നിര്‍ത്തി സിഡബ്ല്യുസിയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും (DCPO) ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു.

ഇതിന്റെ ഭാഗമായി കുട്ടിയെ തൊടുപുഴയിലെ മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനില്‍ സുരക്ഷിത സംരക്ഷണത്തിനായി പ്രവേശിപ്പിക്കുകയും ആവശ്യമായ ചികിത്സ, പോഷകാഹാരം, പരിചരണം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

കുട്ടിയുടെ ആരോഗ്യനിലയും പുനരധിവാസവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിരന്തരം നിരീക്ഷിക്കുന്നതാണ്. കുട്ടിയുടെ മികച്ച താല്‍പര്യം മുന്‍നിര്‍ത്തി, ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ട് പ്രകാരമുള്ള എല്ലാ സംരക്ഷണ നടപടികളും തുടര്‍ന്നും ഉറപ്പാക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു അറിയിച്ചു.
 

date