Skip to main content

കേരളത്തെ ആഗോള തലത്തിൽ ഉന്നതവിദ്യാഭ്യാസ കേന്ദ്രമാക്കും: മുഖ്യമന്ത്രി

 

കേരളത്തെ ആഗോളതലത്തിൽ ശ്രദ്ധേയമായ ഒരു ഉന്നതവിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. വിജ്ഞാന മേഖലയിലെ വൻ കുതിച്ചുചാട്ടം കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസ രംഗം കാലാനുസൃതമാക്കണമെന്നും 
സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ പാഠ്യപദ്ധതി കാലാനുസൃതമായി പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ (RSET) സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ സംസാരിച്ച ശേഷം സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള പ്രശസ്തമായ വിദേശ സർവകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ച നോളജ് വാലി പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ ആഗോള തൊഴിൽ മേഖലയിൽ അതിവേഗ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഈ വെല്ലുവിളി മറികടക്കാൻ അറിവുകൾ അപ്‌ഡേറ്റ് ചെയ്യപ്പെടേണ്ടതുണ്ട്.

തൊഴിൽ വിപണിയിലെ പുതിയ ട്രെൻഡുകളും ആവശ്യകതകളും കണ്ടറിയാൻ 'ഗ്ലോബൽ ജോബ് വാച്ച് ടവർ' സ്ഥാപിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ദ്ധർ ഓരോ മേഖലയിലെയും പുതിയ മാറ്റങ്ങൾ നിരീക്ഷിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് നൽകും. ഇതനുസരിച്ച് ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ തത്സമയം മാറ്റങ്ങൾ വരുത്തും. വ്യവസായ മേഖലയുമായി കൈകോർത്ത് മുന്നോട്ടുപോയാൽ മാത്രമേ നമ്മുടെ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ഉറപ്പാക്കാനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ് എന്നിവ ലോകത്തെ ആകെ മാറ്റിമറിക്കുകയാണ്. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ കൃത്രിമബുദ്ധി മനുഷ്യബുദ്ധിക്കൊപ്പമെത്തുമെന്നും, തുടർന്ന് അതിനെ മറികടക്കുമെന്നുമുള്ള വിഖ്യാത എഴുത്തുകാരൻ റേ കുർസ്‌വീലിന്റെ 'ദ സിംഗുലാരിറ്റി ഈസ് നിയർ' എന്ന പുസ്തകത്തിലെ ആശയങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിൽ ഉദ്ധരിച്ചു.

മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ആയുർദൈർഘ്യം കൂടുതലാണെന്നും യുവാക്കളുടെ അനുപാതത്തിൽ മാറ്റങ്ങൾ വരുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാവി സാങ്കേതികവിദ്യ ആരോഗ്യരംഗത്തെയും മെച്ചപ്പെടുത്തുന്നതോടെ ഇവിടുത്തെ ശരാശരി ആയുസ്സ് 100 വയസ്സിൽ കൂടുതലായേക്കാം. ഇത്തരം വെല്ലുവിളികൾക്കിടയിൽ കേരളത്തിന്റെ പുനർനിർമിതിയിൽ യുവതലമുറയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്വന്തം മാതൃസ്ഥാപനമായ രാജഗിരിയുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നതായും RSET-ന്റെ മാനേജ്‌മെന്റിനെയും അധ്യാപകരെയും വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ,  കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഡയറക്ടർ പ്രശാന്ത് പാലക്കാപ്പിള്ളിൽ,
 പ്രിൻസിപ്പൽ ഡോ. ജെയ്സൺ പോൾ മുളരിക്കൽ, മാനേജർ പൗലോസ് കിടങ്ങൻ, ഫ്ലിന്റേഴ്‌സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ  ഡോ. കോളിൻ സ്റ്റെർലിൻ,
മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു.

date