വ്യവസായ ലൈസൻസ്: 26 അപേക്ഷകൾ തീർപ്പാക്കി
ജില്ലാതല ഏകജാലക ക്ലിയറൻസ് ബോർഡിന്‍റെ ജില്ലാതല പരാതി പരിഹാര കമ്മിറ്റി സംയുക്ത യോഗത്തിൽ ലൈസൻസുമായി ബന്ധപ്പെട്ട 26 അപേക്ഷകൾ തീർപ്പാക്കി. വ്യവസായ സംരംഭകരുടെ 35 അപേക്ഷകളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ബാക്കി അപേക്ഷകള്‍ ന്യൂനതകൾ പരിഹരിച്ചു നൽകാൻ സംരംഭകർക്കും സമയബന്ധിതമായി തുടർനടപടി സ്വീകരിക്കാൻ വകുപ്പുകൾക്കും നിർദ്ദേശം നൽകി. ജില്ലാ കളക്ടർ ചേതൻകുമാർ മീണ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വ്യവസായകേന്ദ്രം ജനറൽ മാനേജർ, തദ്ദേശ സ്വയംഭരണം, നഗരാസൂത്രണം, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്,മൈനിംഗ് ആൻഡ് ജിയോളജി, റവന്യു, കൃഷി എന്നീ വകുപ്പുകളുടെയും കെഎസ്ഇബിയുടെയും മലിനീകരണനിയന്ത്രണബോർഡിന്‍റെയും ജില്ലാമേധാവികൾ എന്നിവര്‍ പങ്കെടുത്തു.വ്യവസായ സംരംഭങ്ങൾക്ക് സമയബന്ധിതമായി ലൈസൻസ് ലഭിക്കുന്നതിന് ജില്ലാ കളക്ടർ ചെയർമാനായും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറായും പ്രവര്‍ത്തിക്കുന്ന സർക്കാർ സംവിധാനമാണ് ഏകജാലക ക്ലിയറൻസ് ബോർഡ്. ലൈസൻസ് അപേക്ഷകളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭകരുടെ പരാതി പരിഹരിക്കുന്നതിനുള്ളതാണ് ജില്ലാതല പരാതി പരിഹാര കമ്മിറ്റി. അപേക്ഷ സമർപ്പിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രവുമായും, താലൂക്ക് വ്യവസായ ഓഫീസുകളുമായുമാണ് ബന്ധപ്പെടേണ്ടത്.
- Log in to post comments