Skip to main content

സുനാമി റെഡി പ്രോഗ്രാം: എറിയാട് ഗ്രാമപഞ്ചായത്തിൽ ഇന്ന് (സെപ്റ്റംബർ 15) സുനാമി മോക്ഡ്രിൽ

സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി എറിയാട് ഗ്രാമപഞ്ചായത്തിൽ ഇന്ന് (സെപ്റ്റംബർ 15) വൈകീട്ട് മൂന്നിന് ലൈറ്റ് ഹൗസ് ബീച്ച് പരിസരത്ത് സുനാമി മോക്ഡ്രിൽ സംഘടിപ്പിക്കുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും എറിയാട് ഗ്രാമപഞ്ചായത്തും സംയുക്തമായാണ് മോക്ഡ്രിലിന് നേതൃത്വം നൽകുന്നത്.

സുനാമിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കുക, സുനാമി പ്രതിരോധ സജ്ജമായ സമൂഹമെന്ന അംഗീകാരം/സർട്ടിഫിക്കറ്റ് നേടുക എന്നിവയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. തീരദേശസമൂഹത്തിന്റെ തയ്യാറെടുപ്പുകൾ മെച്ചപ്പെടുത്തുന്നതിലൂടെ ജീവൻ, ഉപജീവനമാർഗം, സ്വത്ത് എന്നിവയുടെ നഷ്ടം കുറയ്ക്കുക തുടങ്ങിയവയാണ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം.

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വർധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുക, ആശയവിനിമയ സംവിധാനങ്ങൾ ഉറപ്പാക്കുക, വിവിധ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കുക, ഒഴിപ്പിക്കൽ-രക്ഷാപ്രവർത്തന സംവിധാനങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കുക, പൊതുജന ബോധവൽക്കരണം ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ്  മോക്ഡ്രിൽ നടത്തുന്നത്.

യുനെസ്‌കോ - ഇന്റർഗവൺമെന്റൽ ഓഷ്യനോഗ്രാഫി കമ്മീഷൻ, ഇന്ത്യൻ നാഷണൽ സെൻറർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്  എന്നിവരുടെ നേതൃത്വത്തിൽ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും തൃശൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും സഹകരണത്തോടെയാണ് സുനാമി റെഡി പ്രോഗ്രാം നടപ്പിലാക്കുന്നത്.

date