Skip to main content

ജില്ലാതല പട്ടയമേള നാളെ (സെപ്റ്റംബര്‍ 18); 1845 പട്ടയങ്ങള്‍ വിതരണം ചെയ്യും

 

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേളയില്‍ 1845 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1792 ലാന്‍ഡ് ട്രിബ്യൂണല്‍ (എല്‍ടി) പട്ടയങ്ങളും 53 ദേവസ്വം പട്ടയങ്ങളുമാണ് മേളയില്‍ വിതരണം ചെയ്യുക. ഇതിൽ ആറളം, അയ്യന്‍കുന്ന് വില്ലേജുകളിലെ ഉന്നതികളില്‍ താമസിക്കുന്ന കുുടംബങ്ങൾക്കുള്ള 169 ഉന്നതി പട്ടയങ്ങളും ഉൾപ്പെടും. 

ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം സപ്തംബർ 18 വെള്ളി രാവിലെ 10 മണിക്ക് കണ്ണൂര്‍ ധനലക്ഷ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും.  അഡ്വ. ടി ഒ മോഹനന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വൈദ്യുതി പരിസ്ഥിതി പാര്‍ലമെന്ററി കാര്യ മന്ത്രി അഡ്വ. സണ്ണി ജോസഫ് മുഖ്യാതിഥിയാവും. ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, സബ് കലക്ടര്‍ രവിമീണ, അസിസ്റ്റന്റ് കലക്ടര്‍ എന്‍ സ്വാതി, എഡിഎം കെ ബാലഗോപാലന്‍, മറ്റ് ഉദ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

പട്ടയവിതരണം സുഗമമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു . ലാന്‍ഡ് ട്രിബ്യൂണല്‍ അടിസ്ഥാനത്തില്‍ ടോക്കണ്‍ വിതരണം ചെയ്താണ് പട്ടയങ്ങള്‍ നല്‍കുക. പട്ടയവിതരണത്തിനായി 15 കൗണ്ടറുകള്‍ ഉദ്ഘാടന വേദിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശം ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും തീര്‍പ്പാക്കാന്‍ ബാക്കിയുള്ള പട്ടയ അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഭൂമിതരംമാറ്റലുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന 2,390 അപേക്ഷകള്‍ തീര്‍പ്പാക്കിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു. അതോടൊപ്പം ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് ഇതിനകം ലഭിച്ച 11300 പരാതികളില്‍ 10,251 പരാതികളും സര്‍വേ ഫയലുകളും 100 ദിവസത്തിനകം തീര്‍പ്പാക്കി. റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായകമായതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എഡിഎം കെ ബാലഗോപാലൻ, എൽ ആർ ഡെപ്യൂട്ടി കലക്ടർ ഷേർളി വി ഇ എന്നിവരും പങ്കെടുത്തു.
 

date