*ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതി: ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം*
ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കായുള്ള 'ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതി' (2026-27) ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ പത്ത് വരെ നീട്ടി. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. വീടുകളുടെ അടിസ്ഥാന സൗകര്യങ്ങളായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ലോറിംഗ്, പ്ലംബിംഗ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന് എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കായി തിരിച്ചടക്കേണ്ടതില്ലാത്ത 50,000 രൂപയാണ് ധനസഹായമായി ലഭിക്കുന്നത്. അപേക്ഷകയുടെയോ പങ്കാളിയുടെയോ പേരിലുള്ള വീടിന്റെ വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടിയില്‍ കവിയരുത്. ബി.പി.എല്‍ കുടുംബങ്ങള്‍, ഭിന്നശേഷിയുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷാ ഫോം www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളും ഒക്ടോബര്‍ പത്തിനകം തൃശ്ശൂര്‍ ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ സമര്‍പ്പിക്കണം.
- Log in to post comments