Skip to main content

ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കും: ജില്ലാ കലക്ടര്‍

ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനാചരണം ജില്ലാ ഭരണകൂടത്തിന്റെയും ഗാന്ധിപീസ് ഫൗണ്ടേഷന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് പറഞ്ഞു. ഗാന്ധിജയന്തിദിനാഘോഷം സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന കൂടിയാലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഒക്ടോബര്‍ രണ്ടിന് ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം, സര്‍വമതപ്രാര്‍ഥന,  ഐക്യദാര്‍ഢ്യപ്രതിജ്ഞ, പദയാത്ര എന്നിവ സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. രാവിലെ 7.15ന് ചിന്നക്കട റെസ്റ്റ് ഹൗസ് ജംങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പദയാത്രയില്‍ ജില്ലയിലെ  സ്‌കൂള്‍,കോളേജ് വിദ്യാര്‍ഥികള്‍,  എന്‍ സി സി, എസ് പി സി കേഡറ്റുകള്‍, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍,  ഹരിതകര്‍മസേന, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരടക്കം ആയിരത്തിലധികം പേര്‍ പങ്കെടുക്കും. ഗാന്ധി പാര്‍ക്കില്‍ പദയാത്ര സമാപിച്ചശേഷം ഹാരാര്‍പ്പണവും  പൊതുസമ്മേളനവും നടക്കും. മന്ത്രിമാര്‍, എം പി, എം എല്‍ എമാര്‍, മറ്റു ജനപ്രതിനിധികള്‍, സാമൂഹികസാംസ്‌കാരിക സംഘടനപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.യോഗത്തില്‍ എ ഡി എം എസ്.സജീദ്, സബ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ഗാന്ധി പീസ് ഫൗണ്ടേഷന്‍ വര്‍ക്കിങ് ചെയര്‍മാന്‍ പോള്‍ മത്തായി, സെക്രട്ടറി ജി ആര്‍ കൃഷ്ണകുമാര്‍, കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date