Skip to main content

ലഹരി മാഫിയയുടെ വേരറുക്കാന്‍ ഓപ്പറേഷന്‍ തൂഫാന്‍ 2.0 ആഭ്യന്തര വകുപ്പും എക്‌സൈസും തദ്ദേശ സ്വയംഭരണ വകുപ്പും മുന്നിട്ടിറങ്ങുന്നു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ തലത്തില്‍ ജനകീയ കൂട്ടായ്മ 'ഓപ്പറേഷന്‍ തൂഫാന്‍ 2.0': വാര്‍ഡ് തലത്തില്‍ ജനജാഗ്രതാ സമിതി

സംസ്ഥാനത്തെ ലഹരിവ്യാപനവും ഉപയോഗവും പൂര്‍ണമായി തടയുന്നതിനായി തദ്ദേശ സ്ഥാപന തലത്തില്‍ ജനകീയ ഇടപെടല്‍ ശക്തമാക്കുന്നു. എക്‌സൈസ് വകുപ്പിന്റെ '100 ദിന കര്‍മ്മപദ്ധതിയും' ആഭ്യന്തര വകുപ്പിന്റെ 'ഓപ്പറേഷന്‍ തൂഫാന്‍ 2.0'യും സംയോജിപ്പിച്ചാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശതലത്തില്‍ ഏകോപിപ്പിക്കുന്നത്. ലഹരിയുടെ ആവശ്യകത കുറയ്ക്കുക, പ്രാരംഭ ഘട്ടത്തില്‍ ഇടപെടല്‍ ഉറപ്പാക്കുക, ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ, കൗണ്‍സലിംഗ്, പുനരധിവാസം എന്നിവ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡുകളിലേക്കും വീടുകളിലേക്കും വ്യാപിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെയും വാര്‍ഡുകളിലെയും ജനജാഗ്രതാ സമിതികള്‍ അടിയന്തരമായി പുനഃസംഘടിപ്പിക്കും. ഓരോ വാര്‍ഡില്‍ നിന്നും കുറഞ്ഞത് രണ്ട് 'തണ്ടര്‍ വോളണ്ടിയര്‍മാരെയും' പത്ത് 'തൂഫാന്‍ വാരിയേഴ്‌സിനെയും' കണ്ടെത്തും. ലഹരി ഭീഷണികള്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്ലാ വാര്‍ഡുകളിലും പ്രത്യേക 'തൂഫാന്‍ ഗ്രാമസഭകള്‍' സംഘടിപ്പിക്കും. വാര്‍ഡുതല ജനജാഗ്രതാ സമിതിയുടെ ചെയര്‍മാനായി വാര്‍ഡ് മെമ്പര്‍/കൗണ്‍സിലറും കണ്‍വീനറായി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ അല്ലെങ്കില്‍ സീനിയര്‍ അധ്യാപകനുമാകും. എക്‌സൈസ്, പൊലീസ്, കുടുംബശ്രീ, അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും സമിതിയില്‍ പങ്കാളികളാകും. തദ്ദേശ സ്ഥാപനതല സമിതിയുടെ ചെയര്‍പേഴ്‌സണായി പ്രസിഡന്റ്/ചെയര്‍പേഴ്‌സണ്‍/മേയറും കണ്‍വീനറായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയും പ്രവര്‍ത്തിക്കും.

ലഹരി വില്‍പ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പൊലീസിനെയും എക്‌സൈസിനെയും അറിയിക്കുന്നതിനായി ടോള്‍ഫ്രീ നമ്പറുകള്‍, വാട്‌സ്ആപ്പ് ഹെല്‍പ്പ്ലൈന്‍, ക്യുആര്‍ കോഡുകള്‍ എന്നിവ വ്യാപകമാക്കും. കുടുംബശ്രീ ഹരിതകര്‍മസേന ശൃംഖലയുടെ സഹായത്തോടെ ലഹരി വ്യാപന സാധ്യതയുള്ള പ്രദേശങ്ങളും വിജനമായ സ്ഥലങ്ങളും കണ്ടെത്തി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിവരം കൈമാറും. ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി എക്‌സൈസിന്റെ 'വിമുക്തി' ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യുന്നതിനൊപ്പം ചികിത്സ, കൗണ്‍സലിംഗ്, പുനരധിവാസം, ആഫ്റ്റര്‍ കെയര്‍ സംവിധാനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തും. ലഹരിയില്‍ നിന്ന് മുക്തരായവര്‍ വീണ്ടും ലഹരിയിലേക്ക് തിരിച്ചുപോകുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളും ശക്തമാക്കും. പ്രവര്‍ത്തനങ്ങളിലുടനീളം വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. ജന ജാഗ്രതാ സമിതികള്‍ മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും യോഗം ചേരണം. മുന്‍ തീരുമാനങ്ങളുടെ പുരോഗതി 'ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട്' ആയി ആദ്യ അജണ്ടയില്‍ വിലയിരുത്തണം. ആകെ അംഗങ്ങളുടെ കുറഞ്ഞത് 30 ശതമാനം പേര്‍ യോഗത്തില്‍ പങ്കെടുക്കണം. തദ്ദേശ സ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി, എക്‌സൈസ്, പൊലീസ് പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യവും ഉറപ്പാക്കണം. പദ്ധതിയുടെ ഭാഗമായി ആദ്യ മൂന്ന് മാസങ്ങളില്‍ പ്രത്യേക ഗ്രാമസഭകള്‍, കാമ്പസ് ബോധവല്‍ക്കരണം, പ്രാദേശിക ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തല്‍ എന്നിവ നടത്തും. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കുള്ള കൗണ്‍സലിംഗ്, ലഹരിവിരുദ്ധ കായികമേളകള്‍, കലാമത്സരങ്ങള്‍, മെഡിക്കല്‍ഡി-അഡിക്ഷന്‍ ക്യാമ്പുകള്‍, തൊഴിലിടങ്ങളിലെ ബോധവല്‍ക്കരണം, കുടുംബശ്രീ ഗൃഹസന്ദര്‍ശനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടപ്പാക്കും. മികച്ച വാര്‍ഡുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും സംസ്ഥാനതല പുരസ്‌കാരം നല്‍കാനും പദ്ധതിയുണ്ട്. സെപ്റ്റംബര്‍ 30നകം എല്ലാ വാര്‍ഡ് തല സമിതികളും യോഗം ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള കലണ്ടര്‍ തയ്യാറാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ്, എക്‌സൈസ് മേധാവികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരുമായി ചേര്‍ന്ന് അടിയന്തര ഏകോപന യോഗങ്ങള്‍ വിളിക്കണമെന്നും സമിതി അംഗങ്ങള്‍ക്ക് പ്രത്യേക ഇന്‍ഫര്‍മേറ്റീവ് മോഡ്യൂള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ''ലഹരിമുക്ത കുടുംബം  ലഹരിമുക്ത വിദ്യാലയം  ലഹരിമുക്ത വാര്‍ഡ്  ലഹരിമുക്ത കേരളം'' എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

ഓപ്പറേഷന്‍ തൂഫാന്‍ 2.0 ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്നു

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി 'ഓപ്പറേഷന്‍ തൂഫാന്‍ 2.0', എക്സൈസ് വകുപ്പിന്റെ '100 ദിന കര്‍മ്മപദ്ധതി', 'മയക്കമില്ല കേരളം', 'തണ്ടര്‍' തുടങ്ങി ആഭ്യന്തര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന കര്‍മ്മപദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്നു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പോലീസ്, എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ലഹരിമുക്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനവും ജനപങ്കാളിത്തവും അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ലഹരിവ്യാപനം തടയുന്നതിനായി എല്ലാ വാര്‍ഡുകളിലും ജന ജാഗ്രതാ സമിതികള്‍ അടിയന്തിരമായി പുനഃസംഘടിപ്പിച്ച് ശക്തിപ്പെടുത്താനും യോഗത്തില്‍ നിര്‍ദേശം നല്‍കി. ഓരോ വാര്‍ഡില്‍ നിന്നും കുറഞ്ഞത് 2 സന്നദ്ധ പ്രവര്‍ത്തകരെ വീതം ഉള്‍പ്പെടുത്തി 'തണ്ടര്‍ വോളന്റിയര്‍ ഫോഴ്സ്', വാര്‍ഡ് തലത്തില്‍ 'തൂഫാന്‍ വാരിയേഴ്സ്' എന്നിവ രൂപീകരിക്കും. കൂടാതെ, പൊതുയിടങ്ങള്‍ ലഹരിമുക്തമാക്കുന്ന ഞഋഘഅഇട പദ്ധതി, ലഹരിമുക്ത കാമ്പസ്, ലഹരിമുക്ത കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിമുക്തി കൗണ്‍സിലിംഗ്/ഡി-അഡിക്ഷന്‍ പ്രവര്‍ത്തനങ്ങള്‍, സ്‌പെഷ്യല്‍ ഗ്രാമസഭകള്‍ എന്നിവയും തദ്ദേശ സ്വയംഭരണ തലത്തില്‍ ശക്തമാക്കും. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സിദ്ദീഖ് കെ, അഡീഷണല്‍ എസ്.പി ബിജുരാജ് പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്‍ പി മുഹമ്മദ് (തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുജീബ് പൂളക്കല്‍ (തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രോഹില്‍ നാഥ് (പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) തുടങ്ങിയവര്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 30 നകം എല്ലാ വാര്‍ഡ് തല സമിതികളും ചേരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, പോലീസ്-എക്സൈസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

തൂഫാന്‍ ജന ജാഗ്രത സമിതി സംസ്ഥാനതല ഉദ്ഘാടനം 28 ന് വേങ്ങരയില്‍

തൂഫാന്‍ ജന ജാഗ്രത സമിതി സംസ്ഥാനതല ഉദ്ഘാടനം  സെപ്റ്റംബര്‍ 28 ന് രാവിലെ 11 ന് മലപ്പുറം വേങ്ങര മലബാര്‍ കോളേജ് ഗ്രൗണ്ടില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കുമെന്ന്
തൃശ്ശൂര്‍ റേഞ്ച് ഡി ഐ ജി നാരായണ്‍ ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൂഫാന്‍ ഔദ്യോഗിക പതാകയും  മന്ത്രി ഉയര്‍ത്തും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി സ്വാഗതം പറയും.  വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷനാവും.  സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ പദ്ധതി വിശദീകരിക്കും. തൂഫാന്‍ പദ്ധതി  രണ്ടാം ഘട്ട പ്രഖ്യാപനവും ''ഞാന്‍ എന്റെ നാടിന്റെ കാവലാള്‍'' പദ്ധതിയുടെ  പ്രഖ്യാപനവും, തൂഫാന്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും വേങ്ങരയിലെ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരെ 'തൂഫാന്‍ വാരിയര്‍' ഔദ്യോഗിക ബാഡ്ജ് ധരിപ്പിക്കലും ആഭ്യന്തര വകുപ്പ് മന്ത്രി, രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.  പരിപാടിയില്‍ റവന്യു വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍, പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍, എം.പി മാര്‍, എംഎല്‍എമാര്‍,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി,ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍,  ഉത്തരമേഖല ഐ.ജി പുട്ട വിമലാദിത്യ, തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. നാരായണന്‍. ടി,  മറ്റു  ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, തൂഫാന്‍ നോഡല്‍ ഓഫീസര്‍, തദ്ദേശ വകുപ്പ് സെക്രട്ടറി, മറ്റു ജനപ്രതിനിധികള്‍,  എന്നിവരും പങ്കെടുക്കം. ഈ പരിപായടിയോാടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ആസ്ഥാനങ്ങളിലും അതാത് പ്രസിഡന്റുമാരും, ചെയര്‍പേഴ്‌സണ്‍മാരും അതാത് ജില്ലകളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ 'തൂഫാന്‍ പതാക' ഉയര്‍ത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ തദ്ദേശ സ്ഥാപന മേധാവിമാര്‍ക്കും വാര്‍ഡ് അംഗങ്ങള്‍ക്കും തൂഫാന്‍ വാരിയര്‍ ബാഡ്ജുകള്‍ ധരിപ്പിക്കും. തൂഫാന്‍ പദ്ധതി ലോ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഫലപ്രദമായി നടത്തുന്നതിനു പുറമേ ലഹരിയുടെ വേരറുക്കുന്നതിന് തൂഫാന്റെ ജാഗ്രത താഴെ തട്ടിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നഗര സഭകളിലേക്കും പഞ്ചായത്തുകളിലേക്കും, വാര്‍ഡുകളിലേക്കും ഗ്രാമ സഭകളിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനു വേണ്ടിയാണ് രണ്ടാം ഘട്ടത്തില്‍ തൂഫാന്‍ തദ്ദേശം; വാര്‍ഡ് തല ജന ജാഗ്രത സമിതി രൂപീകരിക്കുന്നത്. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന, യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, മത സാമൂഹ്യ നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരെല്ലാം ജാഗ്രതാ സമിതിയുടെ ഭാഗമാക്കിയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തൂഫാന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയും, മാതാ പിതാക്കള്‍, അദ്ധ്യാപകര്‍ എന്നിവരോടു ചേര്‍ന്ന് കുടുംബങ്ങളിലും വിദ്യാലയങ്ങളിലും കുട്ടികളെ ചേര്‍ത്തു പിടിച്ച് മയക്കു മരുന്ന് എന്ന മഹാ വിപത്തില്‍ നിന്നും കുട്ടികളെയും പൊതു സമൂഹത്തേയും പൂര്‍ണ്ണമായും അകറ്റി നിര്‍ത്തുന്നതിന് സാദ്ധ്യമായ എല്ലാ വഴികളും ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണും പങ്കെടുത്തു
 

date