Skip to main content

വികസന പദ്ധതികളിലെ കാലതാമസം ഒഴിവാക്കാൻ കൂടുതൽ സർവെയർമാരെ നിയമിക്കും: മന്ത്രി എ.പി അനിൽകുമാർ

വികസന പ്രവർത്തനങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും പദ്ധതികൾക്ക് വേഗം കൂട്ടുന്നതിനുമായി സംസ്ഥാനത്ത് കൂടുതൽ സർവെയർമാരെ നിയമിക്കുമെന്ന് മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു. സർവെയർമാരുടെ കുറവ് പരിഹരിക്കുന്നതിനായി പുതിയ തസ്തികകൾ സൃഷ്ടിക്കാനും താൽക്കാലികാടിസ്ഥാനത്തിലെങ്കിലും നിയമനം നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുതുവല്ലൂർ, വാഴക്കാട് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സേവനങ്ങൾക്കായി പൊതുജനങ്ങൾ സർക്കാർ ഓഫീസുകളിൽ നിരന്തരം കയറിയിറങ്ങുന്ന സാഹചര്യം പൂർണമായും ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ സ്മാർട്ട് വില്ലേജ് കെട്ടിടങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ ഓഫീസുകൾക്കൊപ്പം സേവനങ്ങളും കൂടുതൽ സ്മാർട്ടാകും. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതിനകം എണ്ണായിരത്തോളം പട്ടയങ്ങൾ വിതരണം ചെയ്തതായും ഇത് ഉടൻ പതിനായിരം കടക്കുമെന്നും മന്ത്രി അറിയിച്ചു. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് കെട്ടിക്കിടന്ന അപേക്ഷകളിൽ 38,000 എണ്ണം വേഗത്തിൽ തീർപ്പാക്കിയിട്ടുണ്ട്. ഇത് 50,000 ആക്കി ഉയർത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ പ്രളയസാഹചര്യങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പുഴകളുടെ സംഭരണശേഷി വർദ്ധിപ്പിക്കുന്നതിനായി മണ്ണും മണലും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും. ചാലിയാർ ഉൾപ്പെടെ 17 നദികളിൽ ഡിസംബർ അവസാനത്തോടെ ഈ പ്രവൃത്തികൾ ആരംഭിക്കും. കളിസ്ഥലങ്ങൾ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളിൽ റവന്യൂ ഭൂമി ലഭ്യമാണെങ്കിൽ അത് കളിക്കളങ്ങൾക്കായി വിട്ടുനൽകാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുതുവല്ലൂരിൽ നടന്ന സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണോദ്ഘാടന ചടങ്ങിൽ ടി.പി അഷ്റഫലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ.സി അബ്ദുറഹ്മാൻ (കൊണ്ടോട്ടി), കെ.ടി ആയിഷ (അരീക്കോട്), ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി മുഹമ്മദ് (മുതുവല്ലൂർ), കെ. ശിവൻ (ചീക്കോട്), വൈസ് പ്രസിഡന്റുമാരായ മൈമൂനത്ത് (മുതുവല്ലൂർ), ഖൈറുന്നീസ (ചീക്കോട്), ജില്ലാ പഞ്ചായത്ത് അംഗം ഷെജിനി ഉണ്ണി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി അബ്ദുൽ കരീം, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി.ഒ സാദിഖ്, തഹസിൽദാർ മുഹമ്മദ് മുനീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വാഴക്കാട് നടന്ന സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണോദ്ഘാടന ചടങ്ങിൽ ടി.പി അഷ്റഫലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി വിശിഷ്ടാതിഥിയായി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ, വൈസ് പ്രസിഡന്റ് അഡ്വ. എം.കെ നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം ജയ്സൽ എളമരം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീന സലീം, ഗ്രാമപഞ്ചായത്ത് അംഗം ഹഫ്സ ടീച്ചർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി.ഒ സാദിഖ്, തഹസിൽദാർ മുഹമ്മദ് മുനീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ആകെ ഒമ്പത് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണ പ്രവൃത്തികൾക്ക് ഇതിനകം തുടക്കമായിട്ടുണ്ട്. ഈ ഓഫീസുകളുടെ നിർമാണം എട്ടുമാസത്തിനകം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കും. ഇതിനുപുറമെ നിർമാണം പൂർത്തിയായ മൂന്ന് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പ്രവർത്തനോദ്ഘാടനം രണ്ട് മാസങ്ങൾക്കുള്ളിൽ നടക്കും.

 

date