ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
ജില്ലയിലെ വിവിധ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി എ.ഡി.എം എം. സന്ദീപിന്റെ അധ്യക്ഷതയില്‍ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ദേശീയപാതയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടര്‍പരാതികള്‍ ഇല്ലാത്ത രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍.എച്ച്.എ.ഐ അധികൃതര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. ദേശീയ പാതയിലെ ഫ്‌ളൈഓവറുകളിലും സര്‍വ്വീസ് റോഡുകളിലും സൈന്‍ ബോര്‍ഡും ലൈറ്റുകളും സ്ഥാപിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. ദേശീയപാതയിലെ നിര്‍മ്മാണ പ്രവൃത്തികള്‍മൂലം ഉണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. തീരദേശ ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സര്‍വ്വേ നടപടികളും യോഗത്തില്‍ വിലയിരുത്തി. ജില്ലയിലെ പി.ഡബ്യു.ഡി റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി.
നിര്‍മ്മാണം പൂര്‍ത്തിയായ ഗുരുവായൂര്‍ ഗവ. ഗസ്റ്റ്ഹൗസ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് ജില്ലാ വികസന സമിതി അതികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് ആവശ്യത്തിന് സര്‍ജ്ജന്‍മാരെയും ടെക്‌നീഷ്യന്‍മാരെയും നിയമിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന് ഡി.എം.ഒയ്ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. കളിക്കളം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ അടിയന്തരമായി യോഗം വിളിച്ചുചേര്‍ക്കണമെന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. തൃശ്ശൂര്‍ കെ.എസ്.ആര്‍.ടിസി സ്റ്റാന്റ് നവീകരണത്തിന്റെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി.
ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതിയും അവലോകനം ചെയ്തു. എം.പി.എല്‍.എ.ഡി.എസ് ഫണ്ട് വിനിയോഗവും എം.എല്‍.എ-എസ്.ഡി.എഫ് പുരോഗതിയും എം.എല്‍.എ - എ.ഡി.എസ് പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. ജില്ലയിലെ ലൈഫ് മിഷന്റെയും ആര്‍ദ്രം മിഷന്റെയും പുരോഗതിയും വിലയിരുത്തി. എക്‌സൈസ് വകുപ്പിന്റെ കോട്പ കേസുകളുടെയും ഓപ്പറേഷന്‍ തൂഫാന്‍ എന്നിവയുടെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു.
കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ എന്‍.കെ. അക്ബര്‍, സി. രവീന്ദ്രനാഥ്, യു.ആര്‍ പ്രദീപ്, രാജന്‍ ജെ. പല്ലന്‍, ഗീത ഗോപി, കെ.കെ. വത്സരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ പ്രതിനിധി ഷോണ്‍ പെല്ലിശ്ശേരി, ബെന്നി ബഹനാന്‍ എം.പിയുടെ പ്രതിനിധി ടി.എം. നാസര്‍, സബ് കളക്ടര്‍ എഹ്‌തെദ മുഹസ്സിര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.ഡി. ജോസഫ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments