Skip to main content

യുവസംരംഭകർക്ക് മികച്ച അവസരങ്ങൾ ഒരുക്കി കേരള യങ് എന്റർപ്രണേഴ്‌സ് കോണ്‍ക്ലേവ് സമാപിച്ചു

സംസ്ഥാനത്ത് യുവ സംരംഭകർക്കിടയിൽ സാങ്കേതികവിദ്യാധിഷ്ഠിത ഉൽപ്പാദന വ്യവസായങ്ങൾക്ക് കരുത്തേകാൻ ലക്ഷ്യമിട്ട് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് കോഴിക്കോട്ട് സംഘടിപ്പിച്ച 'കേരള യങ് എന്റർപ്രണേഴ്‌സ് കോണ്‍ക്ലേവ് 2026' സമാപിച്ചു. യുവ സംരംഭകരുടെ നേതൃത്വത്തിലുള്ള 1,500-ഓളം എം.എസ്.എം.ഇ. (MSME) പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.

വ്യവസായ, ഐ.ടി, എ.ഐ. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നോർത്ത് എംഎൽഎ അഡ്വ. കെ. ജയന്ത് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യ പ്രഭാഷണം നടത്തി. വാണിജ്യ വ്യവസായ ഡയറക്ടറേറ്റ്  അഡീഷണൽ ഡയറക്ടർ രാജീവ് ജി, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, എം എസ് എം ഇ ഡി എഫ് ഓ തൃശ്ശൂർ അസ്സിസ്റ്റന്റ് ഡയറക്ടർ സഫൂറ, കാനറ ബാങ്ക് ജനറൽ മാനേജർ വിജയലക്ഷ്മി കെ എസ് എസ് ഐ എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാൻ, സി ഐ ഐ കേരളം സ്റ്റേറ്റ് കൗൺസിൽ വൈസ് ചെയർമാൻ സന്തോഷ് കുമാർ, എഫ് ഐ സി സി പ്രതിനിധി ഷാജു തോമസ് എന്നിവർ സംസാരിച്ചു. ഡി ഐ സി കോഴിക്കോട് ജനറൽ മാനേജർ രഞ്ജിത് ബാബു നന്ദി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ഇന്ററാക്ടിവ് പാനൽ ചർച്ചകൾ, സംരംഭക വിജയം നേടിയവരുടെ അനുഭവങ്ങൾ, വിദഗ്ധരുടെ നേതൃത്വത്തിലുള്ള സാങ്കേതിക സെഷനുകൾ എന്നിവ നടന്നു. പ്രമുഖ സ്റ്റാർട്ടപ്പുകൾ, സാങ്കേതിക സ്ഥാപനങ്ങൾ, പ്രമുഖ ബാങ്കുകൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ 45-ഓളം  പ്രദർശന സ്റ്റാളുകളും ഒരുക്കിയിരുന്നു.

രാവിലെ 11 മുതൽ 12 വരെ 'യങ് എന്റർപ്രണേഴ്സ്, ബിഗ് ആംബിഷൻസ്: കേരളംസ് റെഡിനസ് ഫോർ ദി നെക്സ്റ്റ് ബിസിനസ് റെവല്യൂഷൻ ആൻഡ് സസ്റ്റെയ്നബിലിറ്റി' എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. കോഴിക്കോട് പേരാമ്പ്ര സി.കെ.ജി മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ലിയ കെ. മോഡറേറ്ററായി.

തിരൂരങ്ങാടി എം.എൽ.എയും ബിസിനസ് മെന്ററുമായ പി.എം.എ. സമീർ, അവെൻട്രാ മെഡ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറും അക്‌സൽ മെഡിക്കൽ സി.ഇ.ഒയുമായ അസൈൻ മച്ചുങ്ങൽ, ഓറൻകോർ ഫൗണ്ടറും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഉപദേഷ്ടാവുമായ സംജാദ് മൂപ്പൻ, ഏഷ്യൻ സർജിക്കൽ മാനേജിംഗ് പാർട്ണർ അയേഷ ഗുൽഷൻ ഹര, റെവിൻ കൃഷി ഫൗണ്ടറും സി.ഇ.ഒയുമായ ശ്രീഹരി വി. എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.

വിജയം വരിച്ച സംരംഭകരുടെ അനുഭവസാക്ഷ്യങ്ങൾ പങ്കുവെക്കുന്ന സെഷൻ ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടന്നു. എളനാട് മിൽക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സജീഷ് കുമാർ, ജീവ പ്രോമാക്സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ സുമൻ പി., റൂബി വെസ്ചർ എക്സ്പോർട്ട്സ് സി.ഇ.ഒ ആയിഷ റൂബി, കുമ്പളാട് മിൽക്ക് പ്രോഡക്ടസ്  ഫൗണ്ടർ അനൂപ് കൃഷ്ണ, വെറൈറ്റി അലുമിനിയം ഫാബ്രിക്കേഷൻ ആൻഡ് ഡിസൈനേഴ്സ് സി.ഇ.ഒ അജിത് കുമാർ എ. എന്നിവർ സെഷനിൽ പങ്കെടുത്തു.

ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ വിവിധ വിഷയങ്ങളിലായി സാങ്കേതിക സെഷനുകൾ നടന്നു. എം.എസ്.എം.ഇകൾക്കായുള്ള 'എഐ ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ' എന്ന വിഷയത്തിൽ സാപ്പിഹയർ കോ-ഫൗണ്ടർ ജ്യോതിഷ് കെ.എസ്. ക്ലാസ് നയിച്ചു. തുടർന്ന്, 'എൻ.എസ്.ഇ എമേർജ്: അൺലോക്കിംഗ് ഗ്രോത്ത് ത്രൂ ക്യാപിറ്റൽ മാർക്കറ്റ്സ്' എന്ന വിഷയത്തിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൗത്ത് ഇന്ത്യ പ്രൈമറി മാർക്കറ്റ് റിലേഷൻഷിപ്പ് ചീഫ് മാനേജർ ഹിമാൻഷു ശ്രീവാസ്തവയും, 'ക്വാളിറ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഫോർ ബിസിനസ് ഗ്രോത്ത് - റോൾ ഓഫ് ബി.ഐ.എസ്' എന്ന വിഷയത്തിൽ കൊച്ചി ബി.ഐ.എസ് സയന്റിസ്റ്റും ഡെപ്യൂട്ടി ഡയറക്ടറുമായ കുശാഗ്ര ജിൻഡാലും പങ്കെടുത്തു.

 

date