പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 10,000 കുടുംബങ്ങള്‍ക്ക് ഭവനപദ്ധതി ഉടന്‍ : മന്ത്രി കെ എ തുളസി
ഭവനരഹിതരായ 10,000 പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള പരിഷ്‌കരിച്ച സമഗ്രപദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ എ തുളസി. അഞ്ചലില്‍ ആരംഭിച്ച കേരള സംസ്ഥാന പട്ടികജാതിപട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ പുതിയ മേഖല ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 12 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുന്ന തരത്തില്‍ ഘട്ടങ്ങളായാകും ഭവന പദ്ധതിയുടെ തുക നല്‍കുക. ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിനും വീടുവയ്ക്കുന്നതിനുമായി പ്രത്യേക ധനസഹായ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ 15 ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ 75 ശതമാനം സബ്സിഡി നല്‍കുന്ന 'ദാക്ഷായണി വേലായുധന്‍' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചതായി മന്ത്രി അറിയിച്ചു. വായ്പ കുടിശ്ശികയുള്ളവര്‍ക്ക് പലിശയിളവോടെ തിരിച്ചടയ്ക്കാന്‍ അവസരമൊരുക്കുന്ന ഫയല്‍ അദാലത്തുകളുടെ അടുത്ത ഘട്ടം ഒക്ടോബര്‍ എട്ടിന് ശേഷം സംഘടിപ്പിക്കും.
വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ്സ് ഇനത്തില്‍ ഇതിനകം 370 കോടിയോളം രൂപ വിതരണം ചെയ്തുവെന്നും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും സാങ്കേതിക സ്ഥാപനങ്ങളിലും എ ഐ അടക്കമുള്ള ആധുനിക സാങ്കേതിക കോഴ്സുകള്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വകുപ്പ് ഫണ്ടുകള്‍ ലാപ്സാകുന്നത് തടയാന്‍ കര്‍ശന നിയമനിര്‍മാണം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ അജയ് പ്രസാദ് സി എം എല്‍ എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ പ്രതിനിധി വി പി സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജ്യോതി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments