Skip to main content

ജില്ലാതല കിസാന്‍മേളക്ക് ഇന്ന് (സെപ്റ്റ്ബര്‍ 29) തുടക്കമാകും

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും പത്തനംതിട്ട ആത്മയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കിസാന്‍മേള സെപ്റ്റംബര്‍ 29, 30 തീയതികളില്‍ തിരുവല്ല വളഞ്ഞവട്ടം റിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഇന്ന് (സെപ്റ്റംബര്‍ 29) രാവിലെ 9.30 ന് നടക്കുന്ന സമ്മേളനത്തില്‍ നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വര്‍ഗീസ് മാമ്മന്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി, എംഎല്‍എ മാരായ അബിന്‍ വര്‍ക്കി, കെ യുടെ ജനീഷ് കുമാര്‍, പഴകുളം മധു, സി വി ശാന്തകുമാര്‍ എന്നിവര്‍ കര്‍ഷകരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ്മ റോയി പ്രദര്‍ശന സ്റ്റാള്‍ ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ മുഖ്യസന്ദേശം നല്‍കും. തൃതല പഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. കര്‍ഷകരുടെ സംശയങ്ങള്‍ക്ക് വിദഗ്ധരും ശാസ്ത്രജ്ഞരും തത്സമയം മറുപടി നല്‍കുന്ന 'കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം' പരിപാടിയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ എട്ട് ബ്ലോക്കുകളില്‍ നിന്നായി വിവിധ കാര്‍ഷിക വിളകളെ അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശന സ്റ്റാള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, നടീല്‍ വസ്തുക്കള്‍, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശന വിപണന സ്റ്റാളുകള്‍, ഭക്ഷ്യമേള എന്നിവയും മേളയുടെ പ്രത്യേകതയാണ്. സെപ്റ്റംബര്‍ 30 രാവിലെ 10 ന് കര്‍ഷകര്‍ക്കായി സെമിനാറും ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ഥികള്‍ക്കായി കാര്‍ഷിക പ്രശ്‌നോത്തരി, ഉപന്യാസ മത്സരങ്ങളും നടത്തും. മത്സരിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൃഷി ഭവന്‍ മുഖേന മുന്‍കൂട്ടിയും സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കി നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. മേളയില്‍ പ്രവേശനം സൗജന്യമാണ്. മേളയുടെ സമയം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് വരെയാണ്. 30 ന് വൈകിട്ട് നാലിന് സമാപിക്കും.

date