Skip to main content

ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ പൊതുസമൂഹം ഒന്നിക്കണം: മന്ത്രി രമേശ് ചെന്നിത്തല 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിന് സംസ്ഥാനത്ത് തുടക്കം

ലഹരി മാഫിയയെ സമൂഹത്തിൽ നിന്ന് പൂർണ്ണമായും അകറ്റി നിർത്താൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലഹരി വിരുദ്ധ കാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ്റെ' രണ്ടാം ഘട്ടമായ തൂഫാന്‍ ജനജാഗ്രത സമിതിയുടെ (തൂഫാൻ- തദ്ദേശം) സംസ്ഥാനതല ഉദ്ഘാടനം വേങ്ങര മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പ്രധാന കാരണമായ ലഹരിയെ ശത്രുവായി കണ്ട് കേരളത്തിലെ സ്ത്രീകൾ ഒറ്റക്കെട്ടായി തൂഫാനോടൊപ്പം അണിനിരന്നതാണ് ഒന്നാം ഘട്ടത്തിന്റെ വിജയത്തിന് പിന്നിലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളിലോ പ്രിയപ്പെട്ടവരിലോ ഉണ്ടാകുന്ന മാറ്റങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ അമ്മമാർക്ക് സാധിക്കും. ഗ്രാമ-നഗര ഭേദമില്ലാതെ കുഞ്ഞുങ്ങളെ ലഹരി മാഫിയ വലയിലാക്കുന്നത് ഗൗരവത്തോടെ കാണണം. ലഹരി നമ്മുടെ വീടുകളിലും എത്തിയിരിക്കുന്നുവെന്ന തിരിച്ചറിവാണ് ഈ പോരാട്ടത്തിന് കരുത്തേകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം സംസ്ഥാനത്ത് ലഹരി ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തും പൊലീസ് നടത്തുന്ന തീവ്രമായ ഇടപെടലുകളാണ് ഈ വിജയത്തിന് കാരണം. മഞ്ചേരിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തി കടന്ന് കോയമ്പത്തൂരിൽ നിന്നും 13 കിലോ എം.ഡി.എം.എ പിടികൂടിയ മലപ്പുറം പൊലീസിൻ്റെ മികവിനെ മന്ത്രി അഭിനന്ദിച്ചു. ജനങ്ങളെ പൂർണ്ണമായി വിശ്വാസത്തിലെടുത്തു എന്നതാണ് പദ്ധതിയുടെ മറ്റൊരു നാഴികക്കല്ല്. ഒരു കുറ്റവാളിയെയും സംരക്ഷിക്കാതെ, മുഖം നോക്കാതെ നാടിന് വേണ്ടി പ്രവർത്തിക്കാൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരിവ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി തദ്ദേശ സ്ഥാപന തലത്തിൽ ജനകീയ ഇടപെടൽ ശക്തമാക്കുന്നതാണ് തൂഫാൻ രണ്ടാം ഘട്ടം. എക്‌സൈസ് വകുപ്പിന്റെ 100 ദിന കർമ്മപദ്ധതിയും ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ 2.0-യും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ലഹരിയുടെ ആവശ്യകത കുറയ്ക്കുക, പ്രാരംഭ ഘട്ടത്തിൽ തന്നെ ഇടപെടുക, അടിമപ്പെട്ടവർക്ക് ചികിത്സയും കൗൺസലിംഗും പുനരധിവാസവും ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. തൂഫാൻ സ്ട്രൈക്ക്, തൂഫാൻ കെയർ, തൂഫാൻ ആപ്പ്, തൂഫാൻ ഐസ്, തൂഫാൻ പ്ലേ, തൂഫാൻ ഡ്രഗ് ഫ്രീ ക്യാമ്പസ് അക്രെഡിറ്റേഷൻ എന്നീ ഘട്ടങ്ങളായാണ് രണ്ടാം ഘട്ടം പൂർത്തിയാക്കുക. ഇതിനായി എല്ലാ വാർഡുകളിലും 'തൂഫാൻ ഗ്രാമസഭകൾ' വിളിച്ചുചേർക്കുകയും തണ്ടർ വോളണ്ടിയർമാരെയും തൂഫാൻ വാരിയേഴ്സിനെയും കണ്ടെത്തുകയും ചെയ്യും.

ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും മന്ത്രി തൂഫാൻ വാരിയേഴ്സായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർക്ക് മന്ത്രി തൂഫാൻ ബാഡ്ജ് അണിയിച്ചു.
വ്യവസായ-ഐ.ടി-എ.ഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍ തൂഫാന്‍- തദ്ദേശം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, പി.വി അബ്ദുല്‍വഹാബ് എം.പി, എം.എല്‍.എമാരായ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, മഞ്ഞളാംകുഴി അലി, കുറുക്കോളി മൊയ്തീന്‍, വി.എസ്. ജോയി, പി.കെ നവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി, എ.ഡി.ജി.പിമാരായ ദിനേശ് കശ്യപ് (ഇന്റലിജന്‍സ്), പി. വിജയന്‍ (ക്രമസമാധാനം), നോര്‍ത്ത് സോണ്‍ ഐ.ജിയും ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസറുമായ പുട്ട വിമലാദിത്യ, ജില്ലാ കളക്ടർ വിനയ് ഗോയല്‍, തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ടി. നാരായണന്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവർ പ്രസംഗിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

 

date