Skip to main content
തിരുവല്ല പുളിക്കീഴില്‍ സംഘടിപ്പിച്ച കാര്‍ഷികമേളയുടെ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി  ഉദ്ഘാടനം ചെയ്യുന്നു

കിസാന്‍ മേളയ്ക്ക് സമാപനമായി

അപ്പര്‍ കുട്ടനാടിന്റെ കാര്‍ഷിക പെരുമയ്ക്ക് മാറ്റുകൂട്ടിയ രണ്ടു നാള്‍ നീണ്ടു നിന്ന കാര്‍ഷിക മേളയ്ക്ക് സമാപനമായി.
തിരുവല്ല പുളിക്കീഴ് റിയോ ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിന് എല്ലാവരും ശ്രമിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ കാര്‍ഷിക പുനര്‍ജീവനത്തിനും ഗ്രാമീണ സാമ്പത്തിക വികസനത്തിനും മുന്‍തൂക്കം നല്‍കുന്ന പദ്ധതികള്‍ കൃഷി മേഖലയില്‍ പ്രത്യേക പാക്കേജായി നടപ്പാക്കുമെന്ന് ദീനാമ്മ റോയി അറിയിച്ചു. കൃഷി, കൃഷി അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകരും സ്ഥാപനങ്ങളും തങ്ങളുടെ ഉല്‍പ്പന്നങ്ങളും കാര്‍ഷിക വിളകളും പ്രദര്‍ശനത്തിനെത്തിച്ചു. കാര്‍ഷിക സെമിനാര്‍, കര്‍ഷകരും ശാസ്ത്രജ്ഞരും തമ്മിലുള്ള മുഖാമുഖം പരിപാടി, സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക പ്രശ്‌നോത്തരി, ഉപന്യാസ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ അധ്യക്ഷനായി. തിരുവല്ല സബ് കലക്ടര്‍ പാര്‍വതി ഗോപകുമാര്‍ മുഖ്യപ്രഭാഷണവും ഉപന്യാസം, പ്രശ്‌നോത്തരി മത്സരത്തില്‍ പങ്കെടുത്ത വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റെജിമോള്‍ തോമസ്, ആത്മ പ്രൊജക്ട് ഡയറക്ടര്‍ സി ഗിരിജ, തിരുവല്ല നഗരസഭ ചെയ്യര്‍പേഴ്‌സണ്‍ എസ് ലേഖ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ലിജി ആര്‍ പണിക്കര്‍, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ്, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വി എല്‍ അമ്പിളി, എസ് പുഷ്പ, ജാനെറ്റ് ഡാനിയേല്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എബി ബാബു എന്നിവര്‍ പങ്കെടുത്തു.
 

date