Skip to main content

ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പ

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മറ്റു പിന്നോക്ക (ഒ.ബി.സി) വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ വായ്പകള്‍ നല്‍കുന്നു. പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും വായ്പ ലഭ്യമാണ്. ആറ് മുതല്‍ എട്ട് ശതമാനം വരെയാണ് പലിശ നിരക്ക്.

പ്രവാസികള്‍, പ്രൊഫഷണല്‍ കോഴ്‌സ് പാസായവര്‍, വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകള്‍ എന്നിവര്‍ക്കും ടാക്‌സിയായി സര്‍വീസ് നടത്തുന്നതിന് ഇലക്ട്രിക് അല്ലെങ്കില്‍ സി.എന്‍.ജി വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി സബ്‌സിഡി ലഭിക്കും. തിരിച്ചടവ് കാലാവധി 60 തുല്യ മാസാധിഷ്ഠിത ഗഢുക്കളാണ്. വായ്പയ്ക്കായി മതിയായ വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കണം. അപേക്ഷാഫോമും മറ്റ് വിവരങ്ങളും കോര്‍പ്പറേഷന്റെ ഓഫീസുകളില്‍ നിന്ന് ലഭിക്കും. പെരിന്തല്‍മണ്ണ, ഏറനാട്, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലുള്ളവര്‍ മലപ്പുറം ജില്ലാ ഓഫീസുമായും (0483 2734114), പൊന്നാനി, തിരൂര്‍ താലൂക്കുകളിലുള്ളവര്‍ തിരൂര്‍ ഉപജില്ലാ ഓഫീസുമായും (0494 2432275), നിലമ്പൂര്‍ താലൂക്കിലുള്ളവര്‍ വണ്ടൂര്‍ ഉപജില്ലാ ഓഫീസുമായും (04931 248300) ബന്ധപ്പെടണം.  കൂടാതെ 7306022527 എന്ന നമ്പറിലേക്ക് പേരും തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങളും വാട്‌സ്ആപ്പ് ചെയ്താല്‍ വിവരങ്ങള്‍ ലഭ്യമാകും. ksbcdc.com എന്ന വെബ്‌സൈറ്റിലെ 'ജാലകം' പോര്‍ട്ടല്‍ വഴിയും വിവരങ്ങള്‍ അറിയാം.  
 

date