Skip to main content

ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം: ജില്ലാതല ഉദ്ഘാടനം രാജൻ ജെ. പല്ലൻ എം.എൽ.എ നിർവ്വഹിച്ചു

 

 

 

 ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ ഭരണകൂടം, എക്സൈസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ   ജില്ലാതല ഉദ്ഘാടനം തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ രാജൻ ജെ. പല്ലൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.

 

 ഗാന്ധിജിയെന്ന മഹത് വ്യക്തിത്വത്തിന്റെ ആശയങ്ങളും മൂല്യങ്ങളും വാക്കുകളിൽ മാത്രം ഒതുക്കാതെ ജീവിതത്തിൽ ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് എം.എൽ.എ പറഞ്ഞു. അഹിംസയെ ആയുധമാക്കിയും സത്യത്തെ അചഞ്ചലമായ ശക്തിയാക്കിയും ലളിത ജീവിതമെന്ന സന്ദേശത്തിലൂടെയും ലോകത്തെ നയിച്ച മഹാനാണ് ഗാന്ധിജി. അദ്ദേഹം മുന്നോട്ടുവെച്ച ഈ മൂന്ന് ജീവിതസന്ദേശങ്ങളും നെഞ്ചിലേറ്റിയാണ് പുതിയ തലമുറ മുന്നോട്ട് പോകേണ്ടത്. ജാതി-മത വിവേചനങ്ങളാലും വിവിധങ്ങളായ വൈവിധ്യങ്ങളാലും ഭിന്നിച്ചുനിന്ന ഒരു ജനതയെ പൊതുവായ ദേശീയബോധത്തിലേക്കും സ്വാതന്ത്യ സമരത്തിലേക്കും സമഗ്രമായി ഒന്നിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സാധാരണക്കാരായ ആളുകളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഉപ്പ്, വസ്ത്രം തുടങ്ങിയവയെപ്പോലും സമര ആയുധങ്ങളാക്കി മാറ്റിയതായിരുന്നു അദ്ദേഹത്തിന്റെ വൈഭവം. 

​ഇന്നത്തെ തലമുറ ഗാന്ധിയൻ ആശയങ്ങളും ഉപദേശങ്ങളും ഉൾക്കൊണ്ട് ലഹരിക്കും അക്രമത്തിനും എതിരായി പ്രതിരോധം തീർക്കണം എന്നും എം.എൽ.എ പറഞ്ഞു.  

 

അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് എം. സന്ദീപ് അധ്യക്ഷനായി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സി.കെ. സജികുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ കേരള വർമ്മ കോളേജ് എൻ.എസ്.എസ് വോളന്റിയർമാർ ലഹരി വിരുദ്ധ സ്കിറ്റ് അവതരിപ്പിച്ചു. സർവോദയ ദർശൻ ചെയർമാൻ എം. പിതാമ്പരൻ മാസ്റ്റർ ഗാന്ധിജയന്തി സന്ദേശം നൽകി. തൃശ്ശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും,  അസിസ്റ്റന്റ് എഡിറ്റർ കെ.സി. ഹരിദാസ് നന്ദിയും പറഞ്ഞു. 

 

 

ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഡോ. ബിന്ദു മേനോൻ,   കേരള സർവോദയ മണ്ഡലം പ്രസിഡന്റ് പി. രാജേന്ദ്രൻ, ഗാന്ധിദർശൻ വേദി സെക്രട്ടറി ഡോ. അജിതൻ മേനോത്ത് എന്നിവർ ആശംസ അർപ്പിച്ചു.

 

 

വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ ആറിന് ജില്ലയിലെ അപ്പർ പ്രൈമറി–ഹൈസ്കൂൾ വിദ്യാലയങ്ങളിൽ പ്രസംഗം, പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് എന്നിവ ഉൾപ്പെടുത്തി 'ഗാന്ധിദർശൻ സാഹിത്യ സംഗമവും' സംഘടിപ്പിക്കും. ഒക്ടോബർ എട്ടിന് അയ്യന്തോൾ വയലാ കൾച്ചറൽ സെന്ററിൽ നടത്തുന്ന സമാപന സമ്മേളനത്തിൽ "സർവോദയം: കാലവും കാഴ്ചപ്പാടും" എന്ന പുസ്തകം പ്രകാശനം ചെയ്യും.

 

 

date