സൈബർ ജാഗ്രതാ ക്യാമ്പയിൻ ഉദ്ഘാടനം പി. കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കും
ഡിജിറ്റൽ സുരക്ഷാ ബോധവത്കരണത്തിന് ഐടി വകുപ്പ്, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ മുഖേന നടപ്പാക്കുന്ന സേഫ്ടെക് സൈബർ ജാഗ്രതാ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 7ന് തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടക്കും. വ്യവസായ, ഇലക്ട്രോണിക്സ്, ഐടി ആൻഡ് എഐ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി രാവിലെ 9.30ന് ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, റോജി എം ജോൺ, കെ. എം. ഷാജി, ബിന്ദു കൃഷ്ണ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സാമ്പത്തിക തട്ടിപ്പ്, ഫിഷിംഗ്, വ്യക്തിത്വ മോഷണം, വ്യാജവിവര പ്രചരണം, സൈബർ ബുള്ളിയിംഗ് തുടങ്ങിയ ഓൺലൈൻ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
വിവിധ സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്കൂളുകൾ, കോളേജുകൾ, കുടുംബശ്രീ, ഐസിഡിഎസ്, അങ്കണവാടികൾ തുടങ്ങിയ ശൃംഖലകളിലൂടെ പദ്ധതിയിൽ പങ്കാളികളാകും. രജിസ്ട്രേഷൻ, പരിശീലനം, സെഷൻ രേഖപ്പെടുത്തൽ, പുരോഗതി നിരീക്ഷണം എന്നിവയ്ക്കായി സേഫ്ടെക് പോർട്ടൽ വികസിപ്പിക്കും.
സ്കൂളുകൾ, കോളേജുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സേഫ്ടെക് ക്ലബ്ബുകൾ സ്ഥാപിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും കുറഞ്ഞത് ഒരു കമ്മ്യൂണിറ്റി അംബാസഡർ ഉണ്ടായിരിക്കും. താത്പര്യമുള്ളവർക്ക് സേഫ്ടെക് പോർട്ടൽ വഴി അപേക്ഷിക്കാം.
പി.എൻ.എക്സ്. 4101/2026
- Log in to post comments