*കാപ്പി കൃഷിക്ക് മൂല്യവര്‍ദ്ധനവിലൂടെ പുതിയ വിപണി സാധ്യതകള്‍ കണ്ടെത്തണം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി*
കര്‍ഷകരെയും വയനാടിന്റെ സാമ്പത്തിക മേഖലയുടെയും ജീവനാഡിയായ കാപ്പി കൃഷിയുടെ വികസനത്തിന് മൂല്യവര്‍ദ്ധനവും അടിസ്ഥാന സൗകര്യ വികസനവുമാണ് പ്രധാനമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഉദ്ഘാടന യോഗത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തില്‍ വലിയ വിപണി സാധ്യതയുള്ള ഉത്പന്നമാണ് കാപ്പി. എന്നാല്‍ കര്‍ഷകര്‍ നിലവില്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ഗാത്മകവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക ഉത്പന്നത്തിന്റെ വികസനത്തില്‍ മൂല്യവര്‍ദ്ധനവിനുള്ള പങ്ക് വലുതാണ്. വ്യവസായിക അടിസ്ഥാനത്തില്‍ കാപ്പി അധിഷ്ഠിത ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിനായി മികച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ അത് ചര്‍ച്ച ചെയ്യാനും ആവശ്യമായ എല്ലാ പിന്തുണയും നല്‍കാനും വ്യവസായ വകുപ്പ് തയ്യാറാണെന്ന് മന്ത്രി അറിയിച്ചു.
- Log in to post comments