Skip to main content

സംസ്ഥാനതല ലഹരി വിരുദ്ധ പ്രസംഗമൽസരം ഒക്ടോബർ ആറിന്

എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഒക്ടോബർ ആറ് രാവിലെ 8.30 മുതൽ കോളജ് വിദ്യാർഥികൾക്കായി സംസ്ഥാനതല ലഹരിവിരുദ്ധ മൽസരം തിരുവനന്തപുരം ഗോർഖി ഭവനിൽ സംഘടിപ്പിക്കും.'യുവശബ്ദം 2026' എന്ന പേരിൽ ജില്ലകളിൽ നടന്ന ലഹരി വിരുദ്ധ പ്രസംഗ മത്സരത്തിൽ വിജയികളായവരാണ് സംസ്ഥാനതലത്തിൽ മൽസരിക്കുന്നത്. സമാപന സമ്മേളനം ഉദ്ഘാടനം ഉച്ചയ്ക്ക് 12 ന് എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ മുഖ്യപ്രഭാഷണവും സമ്മാനദാനവും നടത്തും.

 സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ലഹരിവിരുദ്ധ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കോളജ് വിദ്യാർഥികളിൽ ശാസ്ത്രീയവും സാമൂഹികവുമായ അവബോധം സൃഷ്ടിക്കുക, ആരോഗ്യകരവും ലഹരിമുക്തവുമായ കാമ്പസ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക. പ്രസംഗം, ആശയവിനിമയം, അവതരണം തുടങ്ങിയ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ പ്രസംഗമൽസരം സംഘടിപ്പിക്കുന്നത്.

പി.എൻ.എക്‌സ്. 4140/2026

date