ചാമ്പ്യൻസ് ബോട്ട് ലീഗ് 2026 (CBL 2026) & ഇന്ദിരാഗാന്ധി വള്ളംകളി
കേരളത്തിന്റെ ജലകായിക പാരമ്പര്യത്തിന് ആവേശം പകരുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് 2026 (CBL 2026) ന്റെ ആറാം പാദ മത്സരങ്ങളും ഇന്ദിരാഗാന്ധി വള്ളംകളിയും ഒക്ടോബർ 10 ശനിയാഴ്ച എറണാകുളം മറൈൻ ഡ്രൈവിൽ നടക്കും. വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജലോത്സവത്തിന്റെ ചടങ്ങുകൾ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കും. പൊതുസമ്മേളനത്തിന് ശേഷം ഉച്ചയ്ക്ക് 2 മണിയോടെ മാസ്സ് ഡ്രില്ലിന്റെ അകമ്പടിയോടെ വള്ളംകളി മത്സരങ്ങൾ ആരംഭിക്കും.
ചടങ്ങ് ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. ടി. ജെ. വിനോദ് എം.എൽ.എ അധ്യക്ഷനാകും. ബഹു. ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ CBL സന്ദേശം നൽകും.
എറണാകുളം എം.പി. ശ്രീ. ഹൈബി ഈഡൻ, കൊച്ചി കോർപ്പറേഷൻ മേയർ ശ്രീമതി മിനിമോൾ വി. കെ. എന്നിവർ മുഖ്യാതിഥികളാകും. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ. ഗിരീഷ്കുമാർ ഡി. സ്വാഗതവും സബ് കളക്ടർ, ഫോർട്ട് കൊച്ചി ശ്രീ. ഗ്രാൻദേ സായികൃഷ്ണ ഐ.എ.എസ്. റിപ്പോർട്ട് അവതരണവും നടത്തും. ഡി.ടി.പി.സി. എറണാകുളം സെക്രട്ടറി ശ്രീ. ലിജോ ജോസഫ് നന്ദി പറയും.
ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കും
കേരളത്തിന്റെ പരമ്പരാഗത വള്ളംകളിയുടെ ആവേശം കൊച്ചിയുടെ നഗരഹൃദയത്തിലേക്ക് എത്തിക്കുന്ന CBL മത്സരത്തിൽ 2026-ലെ ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയിൽ മികച്ച സ്ഥാനങ്ങൾ നേടിയ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കും.
- ആരോമ – 1 ചുണ്ടൻ
- നടുഭാഗം ചുണ്ടൻ
- വീയപുരം ചുണ്ടൻ
- മേൽപ്പാടം ചുണ്ടൻ
- നിരണം ചുണ്ടൻ
- അർപ്പൂക്കര ചുണ്ടൻ
- ചെറുതന ചുണ്ടൻ
- പുണ്യാളൻ നിരണം ചുണ്ടൻ
- തലവടി ചുണ്ടൻ
പ്രാദേശിക വള്ളംകളിയും
CBL മത്സരത്തോടൊപ്പം സംഘാടക സമിതി ഒരുക്കുന്ന പ്രാദേശിക വള്ളംകളി മത്സരവും നടക്കും. താണിയൻ, തുരുത്തിപ്പുറം, ഗോതുരുത്ത് പുത്രൻ, സെന്റ് സെബാസ്റ്റ്യൻ No. 1, പൊഞ്ഞനത്തമ്മ എന്നീ ചെറു വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. വിവിധ ജില്ലകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ഇതിലൂടെ കേരളത്തിന്റെ പരമ്പരാഗത വള്ളംകളി സംസ്കാരത്തിന്റെ വൈവിധ്യവും ആവേശവും ഒരേ വേദിയിൽ ആസ്വദിക്കാൻ അവസരമൊരുങ്ങും.
നാവികസേനയുടെയും ഫയർഫോഴ്സിന്റെയും അഭ്യാസപ്രകടനങ്ങൾ
വള്ളംകളിയുടെ ആവേശം വർധിപ്പിക്കുന്നതിനായി ഇന്ത്യൻ നേവിയുടെയും ഫയർഫോഴ്സിന്റെയും അഭ്യാസപ്രകടനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ചേർത്തല ശ്രീ വിനായക ചുള്ളൻസിന്റെ മ്യൂസിക്കൽ ഫ്യൂഷൻ, ഗരുഡൻ തുടങ്ങി വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.
സുരക്ഷാ സംവിധാനങ്ങളും കാണികൾക്കുള്ള സൗകര്യങ്ങളും
മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിനെത്തുന്ന കാണികൾക്കായി പവലിയനുകളും മറ്റ് ആവശ്യമായ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ചാമ്പ്യൻസ് ബോട്ട് ലീഗിനോടനുബന്ധിച്ചുള്ള കലാ-സാംസ്കാരിക പരിപാടികൾ കൊച്ചിയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിനും കേരളത്തിന്റെ വള്ളംകളി പൈതൃകം പുതിയ തലമുറയിലേക്കും രാജ്യാന്തര വിനോദസഞ്ചാരികളിലേക്കും എത്തിക്കുന്നതിനും സഹായകരമാകും.
ഒക്ടോബർ 10ന് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന വള്ളംകളി കാണാൻ വള്ളംകളി പ്രേമികളും വിനോദസഞ്ചാരികളും പൊതുജനങ്ങളും ആവേശത്തോടെ കാത്തിരിക്കുകയാണ്. കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും കൊച്ചിയുടെ വിനോദസഞ്ചാര സാധ്യതകളും സമന്വയിക്കുന്ന ആവേശകരമായ വേദിയായി മറൈൻ ഡ്രൈവ് മാറും.
വൈകുന്നേരം നടക്കുന്ന സമ്മാനദാനത്തോടെ പരിപാടികൾ സമാപിക്കും.
- Log in to post comments