Skip to main content

രാഷ്ട്രീയ ഏകതാ ദിവസ് : കേരള പൊലീസിന്റെ ലഹരിവിരുദ്ധ മോട്ടോര്‍ സൈക്കിള്‍ റാലിയുടെ തുടര്‍ യാത്ര ഇന്ന് (ഒക്ടോബര്‍ 14 ) അടൂരില്‍ നിന്നും

രാഷ്ട്രീയ ഏകതാ ദിവസിനോടനുബന്ധിച്ച് കേരള പൊലീസിന്റെ നേതൃത്വത്തിലുള്ള ദേശീയ ലഹരിവിരുദ്ധ മോട്ടോര്‍ സൈക്കിള്‍ റാലിയുടെ തുടര്‍യാത്ര ഇന്ന് (ഒക്ടോബര്‍ 14 ) അടൂരില്‍ നിന്നും ആരംഭിക്കും. രാവിലെ എട്ടിന് അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയനില്‍ നടക്കുന്ന ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ റീന സാമുവല്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തങ്കച്ചന്‍, വാര്‍ഡ് അംഗം സൂസന്‍ ശശികുമാര്‍, കെ.എ.പി. മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് മനോജ് കെ. നായര്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് സജീന്ദ്രന്‍ പിള്ള, അസിസ്റ്റന്റ് കമാന്‍ഡന്റുമാരായ കെ വിനോദ്, സ്റ്റാര്‍മോന്‍ ആര്‍ പിള്ള, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ സ്‌കൂളുകളില്‍ നിന്നുള്ള സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ എന്നിവര്‍ പങ്കുചേരും.

റാലിയുടെ സംസ്ഥാനതല ഫ്‌ലാഗ് ഓഫ് തിരുവനന്തപുരത്ത് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ നിര്‍വഹിച്ചിരുന്നു. 'ലഹരിക്കെതിരെ പോരാടാം' എന്ന സന്ദേശമുയര്‍ത്തി യുവതലമുറയിലും പൊതുസമൂഹത്തിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് റാലിയുടെ പ്രധാന ലക്ഷ്യം. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ മോട്ടോര്‍ സൈക്കിള്‍ റാലി നോര്‍ത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, സൗത്ത് സോണ്‍, നോര്‍ത്ത് ഈസ്റ്റ് സോണ്‍ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് സേനകള്‍, കേന്ദ്ര സായുധ പോലീസ് സേനകള്‍, മറ്റ് കേന്ദ്ര പോലീസ് സംഘടനകള്‍ എന്നിവയുടെ ടീമുകള്‍ റാലിയില്‍ പങ്കെടുക്കും. റാലി ടീമുകള്‍ ഒക്ടോബര്‍ 26, 27 തീയതികളില്‍ ഗുജറാത്തിലെ ഏകതാ നഗറില്‍ സംഗമിക്കും.

date