Skip to main content

ഫോക് ലോർ സര്‍വകലാശാല സ്ഥാപിക്കാന്‍ ശ്രമം നടത്തും: ചെയര്‍മാന്‍ 

 

കേരളത്തിന്റെ തനത് സംസ്‌കാരം, പാരമ്പര്യം, കലകള്‍, സംഗീതം, നൃത്തം, നാടന്‍പാട്ടുകള്‍, പാരമ്പര്യ വൈദ്യം, ഭക്ഷണരീതികള്‍ എന്നിവ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി കേരളത്തില്‍ ഫോക് ലോർ സര്‍വകലാശാല സ്ഥാപിക്കാൻ ശ്രമം നടത്തുമെന്ന്  കേരള ഫോക് ലോർ അക്കാദമി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഫോക് ലോർ മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും പുനരാവിഷ്‌കരിക്കുകയും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വകലാശാല എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. നിലവിലുള്ള ഫോക്ലോര്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് വിശാലമായ കാഴ്ചപ്പാടോടെ സര്‍വകലാശാലയായി വികസിപ്പിക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായും അക്കാദമി ചെയര്‍മാന്‍ വ്യക്തമാക്കി.

ഫോക്ലോര്‍ മേഖലയിലെ അക്കാദമിക വിദഗ്ധരെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ച് പദ്ധതിയുടെ സാധ്യതകളും തുടര്‍നടപടികളും പരിശോധിക്കും. മലബാറിന്റെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ കേരളത്തിന് മാത്രമല്ല, രാജ്യത്തിനാകെ മാതൃകയാകുന്ന സംഭാവനയായി ഫോക്ലോര്‍ സര്‍വകലാശാലയെ മാറ്റുകയാണ് ലക്ഷ്യം.

കേരളത്തിന്റെ തനത് കലാരൂപങ്ങളെയും പാരമ്പര്യ വിജ്ഞാനത്തെയും സംരക്ഷിച്ച് അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനുള്ള വിപുലമായ സാംസ്‌കാരിക സംരംഭമായാണ് ഫോക്ലോര്‍ സര്‍വകലാശാല എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂറിന്റെ തനത് കലാരൂപങ്ങളും പാരമ്പര്യവും സംരക്ഷിക്കുന്നതിനായി ഫോക് വില്ലേജില്‍ മ്യൂസിയം സജ്ജീകരിക്കും. പദ്ധതിയുടെ വികസനത്തിനായി കാഞ്ഞിരപ്പള്ളി എംഎല്‍എയുടെ സാമ്പത്തിക സഹായം തേടും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നാടന്‍ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നതിനും തിരുവിതാംകൂറിന്റെ തനത് കലകള്‍ മറ്റു സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കുന്നതിനും ഫോക് വില്ലേജ് വേദിയൊരുക്കും.

ആദിവാസി-ഗോത്ര വിഭാഗങ്ങളുടെ കരകൗശല ഉല്‍പ്പന്നങ്ങളുടെയും പരമ്പരാഗത ഭക്ഷണങ്ങളുടെയും നിര്‍മാണത്തിനും വിപണനത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. കേരള ഫോക്ലോര്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കലാഭവന്‍ മണി സ്മാരക മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. അക്കാദമി അങ്കണത്തില്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

ഫോക് ലോർ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി റസിഡന്‍ഷ്യല്‍ അസോസിയേഷനുകളെ അക്കാദമിയുമായി അഫിലിയേറ്റ് ചെയ്യും. 'പൊലി' ത്രൈമാസികയുടെയും ഫോക്ലോര്‍ ഗ്രന്ഥങ്ങളുടെയും പ്രസിദ്ധീകരണം പുനഃസ്ഥാപിക്കുന്നതിനൊപ്പം ലൈബ്രറി വിപുലീകരിക്കുകയും ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ പ്രതിവാര നാടന്‍ കലാപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.

ആദിവാസി-ഗോത്ര കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലും ഒരാഴ്ച നീളുന്ന 'ആദിമം' ശില്‍പ്പശാല സംഘടിപ്പിക്കും. സ്‌കൂള്‍ ഫോക്ലോര്‍ ക്ലബ്ബുകളിലൂടെ ഗോത്രകലകളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തും. വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാരെ പങ്കെടുപ്പിച്ച് കരകൗശല, ടെക്‌സ്‌റ്റൈല്‍ പ്രിന്റിങ് ശില്‍പ്പശാലകളും സംഘടിപ്പിക്കും.

വാർത്താ സമ്മേളനത്തില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ശ്രീരാമന്‍ കൊയ്യോന്‍, സെക്രട്ടറി എം. പ്രദീപ് കുമാര്‍ എന്നിവരും പങ്കെടുത്തു.

date