കുന്നമംഗലം താലൂക്ക് രൂപീകരണം: സെൻസസ് നടപടികൾക്കുശേഷം പരിഗണിക്കും
കേരളത്തിൽ അവശേഷിക്കുന്ന ഏക സബ് താലൂക്കായ കുന്നമംഗലത്തെ താലൂക്കായി ഉയർത്തണമെന്ന് എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ സബ്മിഷനിലൂടെയാണ് ആവശ്യം ഉന്നയിച്ചത്.
ജനസംഖ്യാബാഹുല്യവും ജോലിഭാരവും കാരണം മലയോര മേഖലയിലെ സാധാരണക്കാർ വിവിധ ആവശ്യങ്ങൾക്കായി കിലോമീറ്ററുകൾ സഞ്ചരിച്ച് കോഴിക്കോട് താലൂക്ക് ഓഫീസിനെ ആശ്രയിക്കേണ്ടി വരുന്നതായി എം.എൽ.എ. സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ഐ.ഐ.എം., എൻ.ഐ.ടി., എൻ.ഐ.ഇ.എൽ.ടി., സി.ഡബ്ല്യു.ആർ.ഡി.എം., സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന, അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന പ്രദേശമാണ് കുന്നമംഗലം. മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ ഒരു താലൂക്കിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെ എട്ട് ജീവനക്കാരും ഇവിടെയുണ്ട്. ഇതിൽ ആറുപേർ വിവിധ വകുപ്പുകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുകയാണ്.
1805-ൽ ബ്രിട്ടീഷ് ഭരണകാലത്ത് രൂപീകരിച്ച കുന്നമംഗലം സബ് താലൂക്ക് രണ്ട് നൂറ്റാണ്ട് പിന്നിട്ടിട്ടും താലൂക്ക് പദവി ലഭിക്കാത്ത സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട്, താമരശ്ശേരി താലൂക്കുകൾ പുനഃക്രമീകരിച്ച് 18 വില്ലേജുകൾ ഉൾപ്പെടുത്തി കുന്നമംഗലം താലൂക്ക് രൂപീകരിക്കണമെന്നാണ് ആവശ്യം.
സെൻസസ് നടപടികൾ പൂർത്തിയായ ശേഷമേ പുതിയ താലൂക്കുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാനാകൂ എന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ മറുപടി നൽകി.13 നിയോജകമണ്ഡലങ്ങളുള്ള കോഴിക്കോട് ജില്ലയിൽ നാല് താലൂക്കുകൾ മാത്രമാണുള്ളതെന്നും, 39 വില്ലേജുകളുള്ള കോഴിക്കോട് താലൂക്കിൽ ജനസംഖ്യയും വിസ്തൃതിയും കൂടുതലായതിനാൽ ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2027-ലെ സെൻസസിനായി സംസ്ഥാനത്തെ ഭരണ യൂണിറ്റുകളുടെ അതിർത്തികളിൽ മാറ്റം വരുത്തരുതെന്ന് ഉത്തരവുള്ളതിനാൽ, സെൻസസ് പൂർത്തിയാകുന്ന മുറയ്ക്കേ പുതിയ താലൂക്കുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാനാകൂ. പുതിയ താലൂക്കുകൾ രൂപീകരിക്കുമ്പോൾ കുന്നമംഗലം ആസ്ഥാനമായ താലൂക്കിന്റെ കാര്യം സർക്കാർ സജീവമായി പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
- Log in to post comments