Skip to main content

പതിനഞ്ചാം പഞ്ചവത്സര പദ്ധതി: ജില്ലാതല ആശയരൂപീകരണ യോഗം 17-ന്

സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ തയ്യാറാക്കുന്ന പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ (2027-32) ജില്ലാതല ആശയരൂപീകരണ യോഗം ഒക്ടോബർ 17-ന് മലപ്പുറത്ത് നടക്കും. രാവിലെ 10-ന് മലപ്പുറം ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗം വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അധ്യക്ഷത വഹിക്കും.
 പദ്ധതിയുടെ സമീപനരേഖയും വികസന കാഴ്ചപ്പാടുകളും ചർച്ച ചെയ്യുന്നതിനായി സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന യോഗങ്ങളുടെ തുടർച്ചയായാണ് മലപ്പുറത്തും പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയുടെ പ്രധാന വികസന മുൻഗണനകൾ നിശ്ചയിക്കാനും സമഗ്രമായ ജില്ലാ വികസനരേഖ തയ്യാറാക്കാനുമാണ് യോഗം ലക്ഷ്യമിടുന്നത്. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി എന്നിവർ വിശിഷ്ടാതിഥികളാകും. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ ആമുഖ പ്രഭാഷണം നടത്തും.
 യോഗത്തിൽ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, പ്രിയങ്ക ഗാന്ധി വാദ്ര, പി.വി. അബ്ദുൽ വഹാബ്, പി.പി. സുനീർ എന്നിവർ സംസാരിക്കും. എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, ടി.വി. ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം, ആര്യാടൻ ഷൗക്കത്ത്, ടി.പി. അഷ്റഫലി, അഡ്വ. വി.എസ്. ജോയ്, പി.കെ. നവാസ്, കെ.പി. നൗഷാദ് അലി, അഡ്വ. എം. റഹ്മത്തുള്ള, പി.എം.എ. സമീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങളായ ജി. വിജയരാഘവൻ, ഡോ. പി.പി. ബാലൻ, ശ്രീധർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ സ്വാഗതവും ജില്ലാ പ്ലാനിങ് ഓഫീസർ ടി.വി. ഷാജു നന്ദിയും പറയും.
തുടർന്ന് രണ്ട് സെഷനുകളിലായി ചർച്ചകൾ നടക്കും. രാവിലെ 11.15 മുതൽ ഉച്ചയ്ക്ക് 1.15 വരെയുള്ള ആദ്യ സെഷനിൽ ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരുമായുള്ള ചർച്ചയും ആശയ ക്രോഡീകരണവും നടക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയുള്ള രണ്ടാം സെഷനിൽ വിവിധ അക്കാദമിക് - ഗവേഷണ സ്ഥാപനങ്ങൾ, വിഷയ വിദഗ്ദ്ധർ, മികച്ച സംരംഭകർ എന്നിവരുമായുള്ള ചർച്ചയും ആശയരൂപീകരണവും നടക്കും.

date