വിദ്യാലയങ്ങളിൽ യുപി തലം മുതൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങും: മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ
കുട്ടികളിലെ അഭിരുചി തിരിച്ചറിഞ്ഞ് വളർത്തുന്നതിനായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ യുപി തലം മുതൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ പദ്ധതി ആവിഷ്കരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. താഴെക്കോട് ഗ്രാമപഞ്ചായത്തിലെ കാപ്പുമുഖം ജി.എൽ.പി. സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾക്ക് ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന നിലവാരമുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഏക അധ്യാപക വിദ്യാലയങ്ങളെ എൽ.പി. സ്കൂളുകളാക്കി ഉയർത്തുക, ജില്ലയിൽ പ്ലസ് വണ്ണിന് 60 അധിക ബാച്ചുകൾ അനുവദിക്കുക തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. ഡിജിറ്റൽ സ്ക്വയർ, നിർമ്മിത ബുദ്ധി പരിചയപ്പെടുത്തുന്ന എറൈസ് പദ്ധതികൾ വഴി സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം പൂർത്തിയാക്കിയത്. ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിനി ഷിഫാ ഫാത്തിമ രചിച്ച 'മൈലാഞ്ചിക്കാറ്റ്' എന്ന പുസ്തകം പെരിന്തൽമണ്ണ എ.ഇ.ഒ. കെ.ടി. കുഞ്ഞുമൊയ്തുവിന് നൽകി പ്രകാശനം ചെയ്തു. പ്രധാനാധ്യാപകൻ സി. സതീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പ്രബീന ഹബീബ്, ഷമീർ പൊന്നേത്ത്, താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ കളപ്പാടൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments