തദ്ദേശ സ്ഥാപനങ്ങൾ തൊഴിൽ സൃഷ്ടിക്കുന്ന വികസന യൂണിറ്റുകളായി മാറണം: കെ.എം. ചന്ദ്രശേഖർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേവലം ഫണ്ട് ചെലവഴിക്കുന്ന സംവിധാനങ്ങളാകാതെ, യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വികസന യൂണിറ്റുകളായി മാറണമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ പറഞ്ഞു. പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ആശയരൂപീകരണ യോഗത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
2027–28 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്ന പതിനഞ്ചാം പഞ്ചവത്സര പദ്ധതി പരമ്പരാഗത ശൈലിയിൽ നിന്ന് മാറി സംസ്ഥാനത്തിന്റെ സമഗ്ര വളർച്ചയ്ക്കുള്ള ബ്ലൂപ്രിന്റായി മാറ്റാനാണ് ആസൂത്രണ ബോർഡ് ലക്ഷ്യമിടുന്നത്. സർക്കാരിന്റെ പരിമിതമായ വിഭവങ്ങൾ പലയിടങ്ങളിലായി ചെലവഴിക്കുന്നതിന് പകരം, വ്യക്തമായ ലക്ഷ്യത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുക. ഇതിനായി എല്ലാ വകുപ്പുകളുടെയും പദ്ധതികൾ കൃത്യവും അളക്കാവുന്നതും സമയബന്ധിതവും ഫലപ്രാപ്തിയുള്ളതുമായ 'സ്മാർട്ട്' പ്രോജക്ടുകളായി മാറ്റും. പദ്ധതി രൂപീകരണത്തിൽ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (ഐ.ഐ.എം) സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ വളർച്ചാ നിരക്ക് 4.1 ശതമാനവും തൊഴിലില്ലായ്മ നിരക്ക് 29.8 ശതമാനവുമാണ്. തനത് നികുതി വരുമാനം ജി.എസ്.ഡി.പി.യുടെ 6.41 ശതമാനമായും മൂലധന ചെലവ് 1.34 ശതമാനമായും (ഏകദേശം 22,000–23,000 കോടി രൂപ) ചുരുങ്ങിയിട്ടുണ്ട്. വൈദ്യുതി മേഖലയിലെ കമ്മിയും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യം മറികടന്ന് സംസ്ഥാനത്തിന് കുറഞ്ഞത് ഏഴ് ശതമാനം വളർച്ചാ നിരക്കെങ്കിലും കൈവരിക്കാൻ ഏകദേശം 28 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരിന് തനിച്ച് ഈ ലക്ഷ്യം കൈവരിക്കാനാകില്ല. സംസ്ഥാനത്തെ ബാങ്കുകളിലുള്ള പത്തര ലക്ഷം കോടി രൂപയുടെ നിക്ഷേപം, പ്രവാസികൾ, സഹകരണ മേഖല, സ്വകാര്യ മേഖല, വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവയെ ക്രിയാത്മകമായി സംയോജിപ്പിച്ചുള്ള പങ്കാളിത്ത വികസനമാണ് അനിവാര്യം. മാലിന്യ സംസ്കരണത്തിലും ചെറുകിട റോഡ് നിർമ്മാണത്തിലും മാത്രം ഒതുങ്ങാതെ ഓരോ ഗ്രാമപഞ്ചായത്തും നഗരസഭയും തങ്ങളുടെ പ്രദേശത്ത് എത്ര പുതിയ വ്യവസായ യൂണിറ്റുകളും തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കഴിയുമെന്ന് ചിന്തിക്കണം.
തദ്ദേശ സ്ഥാപനങ്ങൾക്ക് മികച്ച പദ്ധതികൾ ആസൂത്രണം ചെയ്യാനും വിഭവസമാഹരണത്തിനും ആവശ്യമായ സാങ്കേതിക ഉപദേശം നൽകുന്നതിനുമായി ആസൂത്രണ ബോർഡിൽ പ്രത്യേക 'പാർട്ണർഷിപ്പ് സെൽ' രൂപീകരിക്കും. പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ മൂന്ന് മാസത്തിലൊരിക്കൽ ആസൂത്രണ ബോർഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments