ജില്ലയുടെ അടിസ്ഥാന സൗകര്യ വിടവ് നികത്താൻ ബൃഹത് പദ്ധതികളും വലിയ ആസൂത്രണവും അനിവാര്യം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ല നേരിടുന്ന വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വിടവ് നികത്താൻ ബൃഹത് പദ്ധതികളും വലിയ ആസൂത്രണവും അനിവാര്യമാണെന്ന് വ്യവസായ, ഐ.ടി, എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലയുടെ പ്രധാന വികസന മുൻഗണനകൾ നിശ്ചയിക്കാനും സമഗ്രമായ ജില്ലാ വികസനരേഖ തയ്യാറാക്കാനുമായി ജില്ലാ ആസൂത്രണ സമിതി കോണ്ഫ്രന്സ് ഹാളില് ചേര്ന്ന ജില്ലാതല ആശയ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യാതൊരുവിധ രാഷ്ട്രീയ പക്ഷപാതങ്ങളുമില്ലാതെ കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ പദ്ധതികൾ നടപ്പിലാക്കുകയെന്നും എല്ലാ പ്രദേശങ്ങളെയും ജനവിഭാഗങ്ങളെയും ഇതിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ല അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളിൽ വലിയ അന്തരം നേരിടുന്നുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഈ അന്തരം വളരെ വലുതാണ്. ഒരു ക്ലാസ് മുറിയിൽ അറുപത്തഞ്ചോളം വിദ്യാർഥികൾക്ക് ഇരുന്ന് പഠിക്കേണ്ടി വരുന്നത് അശാസ്ത്രീയമാണ്. വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജനസംഖ്യാനുപാതികമായ ചികിത്സാ സൗകര്യങ്ങൾ ജില്ലയിലില്ല. ഒരു ജില്ലയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലപ്പുറമാണ് മലപ്പുറത്തെ ജനസംഖ്യ. അതിനാൽ അതിനനുസരിച്ചുള്ള വലിയ ആസൂത്രണം ജില്ലയ്ക്ക് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിൽ നിലവിൽ പരിമിതികളുണ്ട്. ഫണ്ട് ലഭ്യമാക്കുന്നതിലും കടമെടുക്കുന്നതിലും നിയന്ത്രണങ്ങളുള്ളതിനാൽ അടിസ്ഥാന സൗകര്യ വികസനത്തിന് പി.പി.പി (PPP) മോഡലുകളും സ്വകാര്യ നിക്ഷേപങ്ങളും പ്രയോജനപ്പെടുത്തണം. ഇതിനായുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ ജില്ലാ-സംസ്ഥാന തലങ്ങളിൽ അതോറിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില് അഡ്വ. എം. റഹ്മത്തുള്ള എം.എല്.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ ആമുഖ പ്രഭാഷണം നടത്തി.
പഞ്ച വത്സര പദ്ധതിയുടെ സമീപനരേഖയും വികസന കാഴ്ചപ്പാടുകളും ചർച്ച ചെയ്യുന്നതിനായി സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന യോഗങ്ങളുടെ തുടർച്ചയായാണ് ജില്ലയിലും പരിപാടി സംഘടിപ്പിച്ചത്.
എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്, നജീബ് കാന്തപുരം, ടി.പി. അഷ്റഫലി, അഡ്വ. വി.എസ്. ജോയ്, പി.കെ. നവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങളായ ജി. വിജയരാഘവൻ, ഡോ. പി.പി. ബാലൻ, ശ്രീധർ രാധാകൃഷ്ണൻ, ജില്ലാ വികസന കമ്മീഷണര് സാക്ഷി മോഹന് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ സ്വാഗതവും ജില്ലാ പ്ലാനിങ് ഓഫീസർ മുഹമ്മദ് അന്സല് ബാബു നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി രണ്ട് സെഷനുകളിലായി വിപുലമായ ചർച്ചകൾ സംഘടിപ്പിച്ചു. രാവിലെ നടന്ന ആദ്യ സെഷനിൽ ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്ത് നിർദ്ദേശങ്ങൾ ക്രോഡീകരിച്ചപ്പോൾ, ഉച്ചയ്ക്ക് ശേഷമുള്ള രണ്ടാം സെഷനിൽ വിദഗ്ദ്ധരും സംരംഭകരും ചേർന്ന് പുതിയ ആശയങ്ങൾക്ക് രൂപം നൽകി.
- Log in to post comments