മക്കരപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം നിര്വഹിച്ചു
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്മ്മിക്കുന്നതിനുള്ള ശിലാസ്ഥാപന കര്മ്മം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി നിര്വഹിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന് ഗ്രാന്റ് മുഖേന നാഷണല് ഹെല്ത്ത് മിഷന് അനുവദിച്ച 1.43 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്മ്മിക്കുന്നത്. ആരോഗ്യകേന്ദ്രങ്ങള് ശക്തിപ്പെടുന്നതിനൊപ്പം ആരോഗ്യപരിരക്ഷയെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചും വിപുലമായ ക്യാംപയിനുകള് സംഘടിപ്പിക്കണമെന്ന് മന്ത്രി ഓര്മപ്പെടുത്തി.
മഞ്ഞളാംകുഴി അലി എം.എല്.എ. ചടങ്ങില് അധ്യക്ഷത വഹിച്ചു. പ്രൊഫസര് കെ. കെ. ആബിദ് ഹുസൈന് തങ്ങള് എം.എല്.എ. മുഖ്യാതിഥിയായി പങ്കെടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര് ഡോ. കെ. എം. ജാനിഫ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പി. അബ്ദു റഹിമാന് സ്വാഗതവും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല് ഓഫീസര് ഡോ. പി. ടി. ദിവ്യ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ.പി. അസ്മാബി, മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഹനീഫ പെരിഞ്ചീരി, മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബ്ന വേങ്ങശ്ശേരി, സ്ഥിരം സമിതി അധ്യക്ഷരായ റഷീദ തയ്യില്, ശിവദാസ് പിലാപറമ്പില്, പി.ടി അബ്ദുല് ബഷീര്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അനീസ് മഠത്തില്, കെ.ടി.സാബിറ, വിവിധ വാര്ഡംഗങ്ങള്, ജനപ്രതിനിധികള് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.
- Log in to post comments