Skip to main content

'കലാക്കയം 2026'': ആനക്കയം ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവത്തിന് വര്‍ണ്ണാഭമായ സമാപനം

ആനക്കയം ഗ്രാമപഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ''കലാക്കയം 2026'' സമാപിച്ചു. സമാപന ചടങ്ങ് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 14 മുതല്‍ 17 വരെ വടക്കുംപറമ്പ് എം. എം.എല്‍.പി. സ്‌കൂളിലാണ് കലോത്സവം നടന്നത്. ആനക്കയം പഞ്ചായത്തിലെ ഇരുപതോളം വിദ്യാലയങ്ങളില്‍ നിന്നായി 1200 ലധികം കുഞ്ഞു കലാപ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. ഒക്ടോബര്‍ 14 ന് ജനറല്‍ കലോത്സവം ഒക്ടോബര്‍ 15 ന് അറബിക് സാഹിത്യോത്സവം ഒക്ടോബര്‍ 16 ന് സ്റ്റേജിതര  മത്സരങ്ങള്‍ എന്നിങ്ങനെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സബ്ജില്ലാ കലോത്സവത്തിന് മുന്നോടിയായാണ് പഞ്ചായത്തുതല കലോത്സവം നടത്തിയത്. കലാമേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികള്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. സമാപന പരിപാടിയോടനുബന്ധിച്ച് ഗാനമേളയും സംഘടിപ്പിച്ചു.

ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ബുഷ്‌റ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുന്‍ എം.എല്‍.എ. പി. ഉബൈദുള്ള, ജനറല്‍ കണ്‍വീനറും ഹെഡ്മാസ്റ്ററുമായ സി.പി. ജലീല്‍, ജില്ലാ പഞ്ചായത്തംഗം കെ.വി. മുഹമ്മദാലി, ആനക്കയം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി  അധ്യക്ഷന്മാര്‍, വിവിധ വാര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date