എം.എൽ.എ യുടെ സൗജന്യ സിവിൽ സർവീസ് പരീശീലന പദ്ധതിയ്ക്ക് തുടക്കമായി
സിവിൽ സർവീസ് ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമിട്ട് പയ്യന്നൂർ നിയമസഭാ മണ്ഡലം.
വി കുഞ്ഞി കൃഷ്ണൻ എം.എൽ.എയുടെ മണ്ഡലതല വിദ്യാഭ്യാസ പദ്ധതിയായ പ്രൈഡിൻ്റെ നേതൃത്വത്തിലാണ് സൗജന്യ
പരിശീലനം.
പദ്ധതിയുടെ ആദ്യഘട്ടമായി നടന്ന പരിശീലന ക്ലാസ്സ് ജില്ലാ കളക്ടർ പി. വിഷ്‌ണുരാജ് ഉദ്ഘാടനം ചെയ്തു. വി കുഞ്ഞികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
മണ്ഡലത്തിലെ ബിരുദധാരികളായ 50 പേർക്ക് ഇതിലൂടെ സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകും. 25 പേർക്ക് ഓൺലൈൻ പരിശീലനവും 25 പേർക്ക് ഓഫ് ലൈൻ പരിശീലനവുമാണ് നൽകുക. പാത്ത്‌വേയ്‌സ് തിരുവനന്തപുരത്തിൻ്റെ സഹകരണത്തോടെയാണ് സിവിൽ സർവ്വീസ് പരിശീലനം നടത്തുന്നത്. പ്രിലിംസ്, മെയിൻ പരീക്ഷകൾക്ക് സമഗ്രമായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കും. തുടർന്ന് ഏഴ് മാസം ദൈർഘ്യമുള്ള പരിശീലനം നൽകും.
പയ്യന്നൂർ ലസാരോ അക്കാദമിയിൽ നടന്ന പരിപാടിയിൽ ക്രൈം ബ്രാഞ്ച് കണ്ണൂർ
സൂപ്രണ്ട് ഓഫ് പോലീസ് കെ.വി.വേണുഗോപാൽ വിശിഷ്ഠാതിഥിയായി. ലസാരോ അക്കാദമി എം.ഡി കെ പി ജോബി , കെ സുരേശൻ, പി സുധീഷ് എന്നിവർ സംസാരിച്ചു. ഫസൽ റഹ്‌മാൻ ക്ലാസ്സെടുത്തു.
- Log in to post comments