കരിമ്പുഴ സമഗ്ര കുടിവെള്ള പദ്ധതി: 19.50 കോടിയുടെ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്
കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ജല്‍ ജീവന് മിഷന് വഴി നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്. 19.50 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ബൃഹത്തായ പദ്ധതിയിലൂടെ പഞ്ചായത്തിലെ മുപ്പതിനായിരത്തിലധികം വരുന്ന ജനങ്ങള്‍ക്കാണ് തടസമില്ലാതെ ശുദ്ധജലം ലഭ്യമാകുക.
വിവിധ വാര്‍ഡുകളിലായി 1,753 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളാണ് പദ്ധതിയുടെ ഭാഗമായി നല്‍കിയിരിക്കുന്നത്. ജലവിതരണം തടസമില്ലാതെ സാധ്യമാക്കാന്‍ 120 എച്ച്.പി റോ വാട്ടര്‍ പമ്പ് സെറ്റുകളും, വെള്ളം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് അടിച്ചു കയറ്റുന്നതിനായി 40 എച്ച്.പി ക്ലിയര്‍ വാട്ടര്‍ പമ്പ് സെറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
വൈദ്യുതി തടസം മൂലം ജലവിതരണം മുടങ്ങാതിരിക്കാന്‍ 250 കെ.വി.എ ട്രാന്‍സ്ഫോമറും പ്രത്യേകമായി സ്ഥാപിച്ചു. കരിയോട് മലയില്‍ നിര്‍മിച്ച 3.5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്കും സജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കാനായി 74 കിലോമീറ്ററോളം നീളത്തില്‍ വിതരണ ശൃംഖലയും പൂര്‍ത്തിയായി. പദ്ധതിയിലൂടെ കരിമ്പുഴയുടെ പതിറ്റാണ്ടുകള്‍ നീണ്ട കുടിവെള്ള ദുരിതത്തിനാണ് അന്ത്യമായെന്ന് കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി അറിയിച്ചു.
- Log in to post comments