മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; കമ്പിവളപ്പിലെ 71 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു
കുറുവ ഗ്രാമപഞ്ചായത്തിലെ കമ്പിവളപ്പ് നിവാസികൾ മൂന്ന് പതിറ്റാണ്ടോളമായി നേരിട്ടിരുന്ന ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം. കോഡൂർ വില്ലേജ് പരിധിയിലുള്ള 8.9 ഏക്കർ മിച്ചഭൂമിയുടെ പട്ടയം 71 കുടുംബങ്ങൾക്ക് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ വിതരണം ചെയ്തു. പഞ്ചായത്തിലെ 20, 23 വാർഡുകളിൽ ഉൾപ്പെടുന്ന കുടുംബങ്ങളാണ് ഇതിലൂടെ സ്വന്തം ഭൂമിക്ക് ഉടമസ്ഥാവകാശം നേടിയത്. അവശേഷിക്കുന്ന പട്ടയ അപേക്ഷകളിലും വേഗത്തിൽ നടപടി സ്വീകരിക്കുമെന്നും ജനസംഖ്യാടിസ്ഥാനത്തിൽ കുറുവ വില്ലേജ് വിഭജിച്ച് പാങ്ങ് വില്ലേജ് രൂപീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ചട്ടിപ്പറമ്പ് ലിംറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മഞ്ഞളാംകുഴി അലി എം.എൽ.എ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ വിശിഷ്ടാതിഥിയായി. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ, കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽസലാം മാസ്റ്റർ, കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി, ജില്ലാ പഞ്ചായത്തംഗം ഫൗസിയ പെരുമ്പള്ളി, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) പി. അഖിൽ, കുറുവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈഖ മോഴിക്കൽ എന്നിവരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments