Skip to main content

ക്യാമറകളുടെ വിസ്മയ ലോകമൊരുക്കി കുട്ടി ശാസ്ത്രജ്ഞര്‍: കൊടുങ്ങല്ലൂര്‍ ശാസ്‌ത്രോത്സവത്തില്‍ അപൂര്‍വ്വ ശേഖരവുമായി ഋഷഭും യുവല്‍ മരിയയും

 

കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ക്യാമറാ സാങ്കേതികവിദ്യ കൈവരിച്ച വന്‍ മുന്നേറ്റത്തിന്റെ ചരിത്രം വിളിച്ചോതുന്ന അപൂര്‍വ്വ ക്യാമറകളുടെ പ്രദര്‍ശനവുമായി കൊടുങ്ങല്ലൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കൊടുങ്ങല്ലൂര്‍ ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ കുട്ടി ശാസ്ത്രജ്ഞരുടെ ഈ വേറിട്ട ശേഖരം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. മതിലകം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒ.എല്‍.എഫ്.ജി.എച്ച്.എസ്, സെന്റ് മേരീസ് എല്‍.പി.എസ് എന്നീ വിദ്യാലയങ്ങളിലാണ് ശാസ്‌ത്രോത്സവം നടക്കുന്നത്.

 

കാര സെന്റ് ആല്‍ബനാ എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഋഷഭ്, യുവല്‍ മരിയ എന്നിവരാണ് സ്‌കൂളിന്റെയും അധ്യാപകരുടെയും പിന്തുണയോടെ പഴയകാലത്തെയും പുതിയകാലത്തെയും വൈവിധ്യമാര്‍ന്ന ക്യാമറകള്‍ ശേഖരിച്ച് പ്രദര്‍ശനത്തിന് എത്തിച്ചത്. വിന്റേജ് ബെല്ലോസ് ക്യാമറകള്‍, അപൂര്‍വ്വ ഫിലിം ക്യാമറകള്‍, ടോപ്പ് ലോഡ് ക്യാമറകള്‍, ലൈറ്റ് മീറ്ററുകള്‍, മൂവി ക്യാമറകള്‍ മുതല്‍ അത്യാധുനിക ഡിജിറ്റല്‍ ക്യാമറകള്‍ വരെയുള്ള സാങ്കേതിക വികാസങ്ങള്‍ നേരിട്ടറിയാന്‍ ഇരുവരുടെയും ശേഖരം സഹായകമായി. സ്‌കൂള്‍ സമയത്തിന് ശേഷം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ വിവിധ സ്ഥലങ്ങളില്‍ നേരിട്ട്‌പോയാണ് ഈ വിന്റേജ് ക്യാമറകളെല്ലാം സംഘടിപ്പിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു.

date