Skip to main content

ശബരിമല തീര്‍ഥാടനം: അന്തര്‍ സംസ്ഥാന യോഗം ചേര്‍ന്നു കുമളി-വണ്ടിപ്പെരിയാര്‍ വഴിഎത്തുന്നവര്‍ക്ക് സുരക്ഷിത തീര്‍ഥാടനം ഉറപ്പാക്കും തീര്‍ഥാടനപാതയില്‍ ഭക്ഷണത്തിന് അധിക വിലയിടാക്കിയാല്‍ നടപടി

കുമളിവഴിയും വണ്ടിപ്പെരിയാര്‍ വഴിയും ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് സുരക്ഷിതവും സുഗമവുമായ തീര്‍ഥാടനം ഉറപ്പുവരുത്താന്‍ സ്വീകരിക്കുവാന്‍ ഇടുക്കി, തേനി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന  അന്തര്‍ സംസ്ഥാന യോഗം തീരുമാനിച്ചു. തീര്‍ഥാടകര്‍ക്ക്  കുടിവെള്ളം, ഭക്ഷണം, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയ ഉറപ്പാക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. ഗതാഗത സംവിധാനങ്ങളും മെഡിക്കല്‍ സൗകര്യങ്ങളും അടക്കം തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇടുക്കി ജില്ലാ ഭരണകൂടവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് തേനി ജില്ലാ കളക്ടര്‍ വി. ശിവകൃഷ്ണമൂര്‍ത്തി പറഞ്ഞു.

ഇത്തവണ ദേവസ്വം ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് കേന്ദ്രം വണ്ടിപ്പെരിയാറിനു സമീപം വാളാര്‍ഡി യിലായിരിക്കും പ്രവര്‍ത്തിക്കുക. അവിടെ ആരോഗ്യ പരിശോധന നടത്തിയ ശേഷമായിരിക്കും സത്രം വഴിയുള്ള കാനന പാതയിലൂടെ തീര്‍ഥാടകരെ കടത്തിവിടുന്നത് . ഹൃദ്രോഗമുള്‍പ്പെടെ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ പമ്പ വഴിയുള്ള യാത്രയ്ക്ക് പ്രേരിപ്പിക്കും.

ഇക്കാര്യമുള്‍പ്പെടെ  തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്ക് വേണ്ട രീതിയില്‍ തമിഴ്‌നാട്ടില്‍ പ്രചാരണം നല്‍കുമെന്ന് തേനി കളക്ടര്‍ അറിയിച്ചു. ഇതിനായി ഒരു ലക്ഷത്തിലധികം ലഘുലേഖകള്‍ തയ്യാറാക്കി വിതരണം ചെയ്യും. മൈക്ക് അനൗണ്‍സ്‌മെന്റ്, ബാനറുകള്‍, ബസ് സ്റ്റേഷനുകള്‍ വഴിയുള്ള പ്രചാരണം തുടങ്ങിയവയും നടത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ തുറക്കും. പദയാത്ര നടത്തുന്ന തീര്‍ഥാടകര്‍ക്ക് ധരിക്കാന്‍ റിഫ്‌ലക്ടര്‍ ബാന്‍ഡുകള്‍ നല്‍കും. ഈ മാസം 29 ന് റോഡ് സുരക്ഷാ യോഗം ചേരുമെന്നും തീര്‍ഥാടകര്‍ക്ക് ബോധവത്കരണം നല്‍കുമെന്നും തേനി കളക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി . തമിഴ്‌നാട് അതിര്‍ത്തിയില്‍ മെഡിക്കല്‍ ടീമിനെ നിയോഗിക്കുകയും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയും ചെയ്യും.

പളനി, ദിണ്ഡിഗല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തും. തമിഴ്‌നാട്ടില്‍ നിന്നും അധിക ബസ് സര്‍വീസുകള്‍ ഉണ്ടാകും. പ്രധാന പാതകളുടെ അറ്റകുറ്റപ്പണികളും നവീകരണവും നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കും. വാളാര്‍ഡി,സത്രം,പുല്ലുമേട്, മുക്കുഴി,ബോയ്‌സ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വനം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് ആവശ്യത്തിന് ശൗചാലയങ്ങള്‍ ഉറപ്പാക്കാനും യോഗത്തില്‍ ധാരണയായി.

തീര്‍ത്ഥാടന പാതകളിലെ തട്ടുകട ഉള്‍പ്പെടെയുള്ള ഭക്ഷണ വില്പന കേന്ദ്രങ്ങളിലെ വില നിശ്ചയിച്ചതായും അധിക വിലയിടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് പറഞ്ഞു.

സത്രത്തിനും പുല്ലുമേടിനുമിടയില്‍ വനം വകുപ്പ് മൂന്നിടങ്ങളില്‍ക്കൂടി ഇത്തവണ സര്‍വീസ് സെന്ററുകള്‍ (ഇക്കോ ഷോപ്പ്) തുറക്കും. സീറോ പോയിന്റ്, പുല്ലുമേട്,കഴുതക്കുഴി എന്നിവിടങ്ങളിലാണിത്. കുടിവെള്ളം, കഞ്ഞി, ലഘുഭക്ഷണങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാക്കും. പുല്ലുമേടിനും സന്നിധാനത്തിനുമിടയില്‍ ഒരു വാച്ച് ടവര്‍ കൂടി നിര്‍മിക്കും. ആറു പേര്‍ അടങ്ങുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനു പുറമേ പുല്ലുമേടിനും സന്നിധാനത്തിനുമിടയില്‍ ഓരോ 500 മീറ്ററിലും രണ്ട് ഇക്കോ ഗാര്‍ഡുമാരും ഉണ്ടാവും. പകല്‍ സമയങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തും.

മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ആറ്  ടീം 24 മണിക്കൂറും പട്രോളിംഗ് നടത്തും. ബ്രേക്ക് ഡൗണ്‍ ആകുന്ന വാഹനങ്ങള്‍ നന്നാക്കുന്നതിന് വര്‍ക്ക്‌ഷോപ്പ് സഹായം നല്‍കുന്നതിനടക്കം ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജീപ്പ് സര്‍വ്വീസ് നടത്തുന്നവരുമായി ചര്‍ച്ച നടത്തി നിരക്ക് നിശ്ചയിക്കാനും അത് വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കാനും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

വാട്ടര്‍ അതോറിറ്റി ഉപ്പുപാറ മുതല്‍ കോഴിക്കാനം വരെ 15 കേന്ദ്രങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യും.
ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി കുമളിയില്‍ എക്‌സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കും. ഒരേ സമയം മൂന്നു ടീമുകള്‍ മേഖലയില്‍ റോന്തു ചുറ്റും. 24 മണിക്കൂറും നിരീക്ഷണമുണ്ടാകും.

മഞ്ചുമല,കുമളി,പെരിയാര്‍,പീരുമേട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. കുമളി ബാംബൂ ഗ്രോവ്സില്‍ ചേര്‍ന്ന  യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ടേറ്റ് മിനി കെ. ജോണ്‍,ഇടുക്കി ആര്‍.ഡി.ഒ എസ്. ശ്രീജിത്ത്, ഉത്തമപാളയം ആര്‍.ഡി.ഒ സെയ്ദ് മൊഹിയുദീന്‍ ഇബ്രാഹിം , തേനി എ.ഡി.എസ്.പി എന്‍. മഹേഷ്, ഇടുക്കി
ഡിവൈ.എസ്.പി രാജന്‍ കെ. അരമന, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍. ഷൈനി, ജില്ലാ സപ്ലൈ ഓഫീസര്‍  ജി. ബീനാ ഭദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date