Skip to main content

വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് ഫെന്‍സിങ് പദ്ധതിയുമായി വെട്ടിക്കവല ഗ്രാമപഞ്ചായത്ത്

വന്യജീവി സംഘര്‍ഷം ലഘൂകരിച്ച് കൃഷിയിടങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനായി ചെയിന്‍ ലിങ്ക് ഫെന്‍സിങ് പദ്ധതിയുമായി വെട്ടിക്കവല ഗ്രാമപഞ്ചായത്ത്.

വാഴ, തെങ്ങ്, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഒരു മീറ്റര്‍ വേലി നിര്‍മിക്കുന്നതിന് 400 രൂപ ധനസഹായം ലഭിക്കും. ഒരു കര്‍ഷകന് പരമാവധി 50,000 രൂപ വരെ സബ്സിഡി നല്‍കും. ഗ്രാമസഭ മുഖേനയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.

കുറഞ്ഞത് 1.2 മീറ്റര്‍ ഉയരത്തില്‍ 1.5 ഇഞ്ച് ജിഐ പൈപ്പുകള്‍ കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച് അതില്‍ ചെയിന്‍ ലിങ്ക് ഘടിപ്പിച്ചാണ് വേലി നിര്‍മിക്കേണ്ടത്.  സ്വന്തം ചെലവില്‍ വേലി നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം കര്‍ഷകര്‍ എന്‍ജിനീയറുടെ വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തിന്റെ കൃഷി ഭവനില്‍ ഹാജരാക്കണം. കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് കൃഷി തുടരുമെന്ന് ഉറപ്പുനല്‍കുന്ന 200 രൂപയുടെ മുദ്രപ്പത്രത്തിലുള്ള കരാറും സമര്‍പ്പിക്കണം. നടപ്പ് സാമ്പത്തിക വര്‍ഷം ആകെ 2500 മീറ്റര്‍ ചെയിന്‍ ലിങ്ക് വേലി നിര്‍മിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും കൃഷിയിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കര്‍ഷകര്‍ക്ക് കൃഷി തടസ്സമില്ലാതെ തുടരാന്‍ സഹായിക്കുന്നതിനും ആവശ്യമായ പദ്ധതികള്‍ തുടര്‍ന്നും ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജി അനിമോന്‍ വ്യക്തമാക്കി.
 

 

date