*മതിലകത്ത് സംയോജിത കൃഷി ക്ലസ്റ്റർ ലൈവ്ലിഹുഡ് സർവീസ് സെന്റർ ഓഫീസ് പ്രവർത്തനമാരംഭിച്ചു*
കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മതിലകം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പരിധിയിൽ എം.കെ.എസ്.പി മുഖേന പ്രവർത്തിക്കുന്ന സംയോജിത കൃഷി ക്ലസ്റ്റർ ലൈവ്ലിഹുഡ് സർവീസ് സെന്ററിന്റെ (എഫ്. സി. എൽ. എസ്. സി) പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. പൊക്ലായി കലാഭവൻ മണി ഹാളിൽ നടന്ന പരിപാടിയിൽ മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, സംരംഭകത്വം തുടങ്ങിയ മേഖലകളിലെ ഉപജീവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്കും സംരംഭകർക്കും ആവശ്യമായ സാങ്കേതിക പിന്തുണയും പരിശീലനങ്ങളും ലഭ്യമാക്കുന്നതിനുമാണ് ഈ സെന്റർ ലക്ഷ്യമിടുന്നത്. കൂടാതെ കർഷകരുടെ ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിപണനം നടത്താനും ഈ പദ്ധതിയിലൂടെ സൗകര്യമൊരുക്കും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം. ആൽഫ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. എസ്. ജയ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപ്ക് പദ്ധതി വിശദീകരണം നടത്തി.
മതിലകം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സിബി രാജേഷ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹസീന റഷീദ്, എം. എ. ബിനേഷ്, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
- Log in to post comments