തിരൂർ ജില്ലാ ആശുപത്രിയിൽ അത്യാധുനിക കാഷ്വാലിറ്റി ഒക്ടോബർ 30-ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും
തിരൂർ ജില്ലാ ആശുപത്രിയിൽ രോഗികൾക്കായി വിപുലമായ അത്യാഹിത വിഭാഗം ഒരുങ്ങുന്നു. ഓങ്കോളജി ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുള്ള പുതിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം ഒക്ടോബർ 30-ന് രാവിലെ ഒൻപതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. എം.എൽ.എ. മാരായ കുറുക്കോളി മൊയ്തീൻ, വി.എസ്. ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, നഗരസഭാ ചെയർമാൻ ഇബ്രാഹിം ഹാജി, ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് നടക്കുന്ന ആശുപത്രി വികസന സമിതി യോഗത്തിലും മന്ത്രി പങ്കെടുക്കും.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒന്നര കോടിയോളം രൂപ ചെലവഴിച്ചാണ് അത്യാധുനിക ഉപകരണങ്ങളും 750 കിലോവാട്ട് ജനറേറ്ററുൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. വെന്റിലേറ്റർ, ഡീഫിബ്രിലേറ്റർ, മൾട്ടി പാര മോണിറ്റർ, സി-പാപ് തുടങ്ങിയ ജീവൻരക്ഷാ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. രോഗികളുടെ അടിയന്തര സ്വഭാവവും തീവ്രതയും അനുസരിച്ച് വേഗത്തിൽ പരിചരണം ഉറപ്പാക്കാൻ ട്രയേജ് സംവിധാനവും ചുവപ്പ്, മഞ്ഞ, പച്ച സോണുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഒന്നരക്കോടി രൂപ വിനിയോഗിച്ച് ട്രോമാകെയർ വിഭാഗവും ഐ.സി.യു.വും സജ്ജമാക്കുന്നതോടെ മെഡിക്കൽ കോളേജുകളിലേക്കുള്ള റഫറലുകൾ എഴുപത് ശതമാനത്തോളം കുറയ്ക്കാനാകും.
പുതിയ അത്യാഹിത വിഭാഗത്തിന് മുന്നിലായി ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന ഈവനിങ് ഒ.പി. സേവനവും ആരംഭിക്കുന്നുണ്ട്. കൂടാതെ . രോഗികളുടെ തിരക്ക് നിയന്ത്രിക്കാൻ മൂന്ന് പുതിയ കൗണ്ടറുകൾ കൂടി പ്രവർത്തനസജ്ജമാക്കി. നിലവിൽ മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന സൂപ്രണ്ട് ഓഫീസ് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിൽ കാഷ്വാലിറ്റിയുടെ ഒന്നാം നിലയിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. വർഷങ്ങളായുള്ള സ്ഥലപരിമിതികൾക്കും പരാതികൾക്കും പരിഹാരമാകുന്ന പദ്ധതി തിരൂരിലെ ആരോഗ്യമേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകും.
- Log in to post comments