എൽ.ബി.എസ്. സെന്ററിന്റെ സുവർണ ജൂബിലിക്കും വനിത എഞ്ചിനീയറിംഗ് കോളജിന്റെ രജത ജൂബിലിക്കും തുടക്കം
കേരളത്തിന്റെ കമ്പ്യൂട്ടർ വിദ്യാഭ്യാസ രംഗത്ത് മുദ്രപതിപ്പിച്ച എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കും പൂജപ്പുര എൽ.ബി.എസ്. വനിത എഞ്ചിനീയറിംഗ് കോളജിന്റെ രജത ജൂബിലി ആഘോഷങ്ങൾക്കും തുടക്കം. കോളജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ത്രീഡി പ്രിന്റഡ് പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു. എൽ.ബി.എസ്. സെന്ററിന്റെ ഓൺലൈൻ കോഴ്‌സുകൾ, ഓൺലൈൻ പരീക്ഷ പോർട്ടൽ, ട്രസ്റ്റ് റിസർച്ച് പാർക്ക് സാറ്റെലൈറ്റ് സെന്റർ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ കേരളത്തിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസം, എഞ്ചിനീയറിംഗ് കൺസൾട്ടൻസി, പൊതു മേഖലാ റിക്രൂട്ട്‌മെന്റ്, അലോട്ട്‌മെന്റ് എന്നീ മേഖലകളിൽ എൽ.ബി.എസ്. സെന്റർ നൽകി വരുന്ന ശ്രദ്ധേയമായ സംഭാവനകളെ മന്ത്രി അഭിനന്ദിച്ചു. മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന പൂജപ്പുര എഞ്ചിനീയറിംഗ് കോളജിന്റെ നേട്ടങ്ങളിൽ സ്ത്രീകളുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും വി-സാറ്റ് ഉപഗ്രഹം വികസിപ്പിച്ച് വിക്ഷേപിച്ചത് അഭിമാനകരമായ അധ്യായമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്‌സൺ ഡോ. അച്യുത്ശങ്കർ എസ്. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൽ.ബി.എസ്. ഡയറക്ടർ ഡോ. ജെ. ജയമോഹൻ സ്വാഗതം ആശംസിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് റിസർച്ച് പാർക്ക് സിഇഒ ഡോ. എം.എസ്. രാജശ്രീ, കോളജ് ബിഒജി ചെയർമാൻ ഡോ. വി. രാധാകൃഷ്ണൻ, എൽ.ബി.എസ്. സെന്റർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശരത്ചന്ദ്രൻ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. കോളജ് പ്രിൻസിപ്പാൾ ഡോ. എം.ബി. സ്മിതമോൾ നന്ദി പ്രകാശിപ്പിച്ചു.
പി.എൻ.എക്‌സ്. 4555/2026
- Log in to post comments