Skip to main content

ഭരണഭാഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനവും പച്ചമലയാളം ബാച്ച് ഉദ്ഘാടനവും ഇന്ന്

മലയാളദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനവും പച്ചമലയാളം കോഴ്‌സ് മൂന്നാം ബാച്ചിന്റെ ക്ലാസ് ഉദ്ഘാടനവും ഇന്ന് (നവംബര്‍ ഒന്നിന്) രാവിലെ 9.30ന് കോട്ടപ്പടി ഗവ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി നിര്‍വഹിക്കും. ജില്ലാ ഭരണകൂടവും, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായാണ് പരിപാടി നടത്തുന്നത്.

കേരളപ്പിറവിയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നവംബര്‍ ഒന്ന് മലയാളദിനമായും നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ ഭരണഭാഷാ വാരമായും ആചരിക്കുകയാണ്. ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് വാരാഘോഷം.
ഭരണഭാഷാ പ്രചാരണത്തിനും മലയാളഭാഷയുടെ പരിപോഷണത്തിനും ഭരണഭാഷാ മാറ്റത്തിന്റെ പുരോഗതി കൈവരിക്കുന്നതിനും ലക്ഷ്യമിട്ട് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഉത്‌ബോധന പ്രസംഗങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, ഭരണഭാഷാ പുരസ്‌കാര ജേതാക്കളെ ആദരിക്കല്‍, വിവിധ മത്സരങ്ങള്‍ തുടങ്ങിയവയാണ് വാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിലൂടെ മലയാളം പഠിക്കാന്‍ സാധിക്കാത്തവര്‍ക്കും , തെറ്റില്ലാതെ മലയാളം എഴുതാനും വായിക്കാനും സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയാണ് കേരള സംസ്ഥാന സാക്ഷരതാമിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പച്ച മലയാളം കോഴ്‌സ് നടത്തുന്നത്.
സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. എ.പി. അഹമ്മദുള്‍ കബീര്‍ , അസി.ഡയറക്ടര്‍ കെ.മുഹമ്മദ് ഫവാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു പി, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ റഷീദ് ചോല  തുടങ്ങിയവര്‍ പങ്കെടുക്കും.

 നവംബര്‍ ആറിന് രാവിലെ 10 ന് ആസൂത്രണ ഭവന്‍ ഹാളില്‍ വാരാഘോഷത്തിന്റെ സമാപനം ജില്ലാ  കളക്റ്റര്‍ ഡോ. വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി വീരാന്‍ കുട്ടി മാസറ്റര്‍ മുഖ്യപ്രഭാഷണം നടത്തും.

date